സുബോദ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് സൈനികനെന്ന് സൂചന, അപകടമരണമെന്ന് യോഗി

വെടിവെയ്ക്കുന്നത് വ്യക്തമാണെങ്കിലും കൊലപാതകത്തിലെ പങ്ക് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് ശേഷം സൈനികനെ പറ്റി പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അവധിക്ക് നാട്ടില്‍ വന്ന സൈനികന്‍ തിരിച്ചു പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

സുബോദ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് സൈനികനെന്ന് സൂചന, അപകടമരണമെന്ന് യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഗോരക്ഷ പ്രവര്‍ത്തകര്‍ സൃഷ്ടിച്ച കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് സൈനികനെന്ന് സൂചന. ഇപ്പോള്‍ പുറത്തു വന്ന വീഡിയോയിലാണ് പ്രദേശിവാസിയായ സൈനികന്‍ വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളുള്ളത്.

വെടിവെയ്ക്കുന്നത് വ്യക്തമാണെങ്കിലും കൊലപാതകത്തിലെ പങ്ക് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അന്വേഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് ശേഷം സൈനികനെ പറ്റി പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. അവധിക്ക് നാട്ടില്‍ വന്ന സൈനികന്‍ തിരിച്ചു പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്.

അതേസമയം പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ പ്രതികരണം വന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ഒരു അപകടത്തിലാണെന്നും കുറ്റക്കാരായ എല്ലാവരും ശിക്ഷിക്കപ്പെടുമെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്. സംഭവത്തിന് ശേഷം വിളിച്ച അവലോകന യോഗത്തില്‍ പശുവിനെ കൊന്നതിന് കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ മൗനം പാലിക്കുകയായിരുന്നു.

ഗോവധം ആരോപിച്ച് ആള്‍ക്കൂട്ടം അക്രമം അഴിച്ചു വിടുകയും ഇത് തടയാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുബോദ് കുമാര്‍ സിങ്ങിനെ ആക്രമിക്കുകയുമായിരുന്നു. കല്ലേറിലും തുടര്‍ന്ന് വെടിയേറ്റുമാണ് സുബോദ് കുമാര്‍ സിങ് മരിച്ചത്. ആക്രമണത്തില്‍ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

Read More >>