ചുട്ടുപൊള്ളി കേരളം:അഞ്ച് ജില്ലകളില്‍ സൂര്യഘാതത്തിന് സാദ്ധ്യത

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് പ്രകാരം തൃശ്ശൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുളളത്.

ചുട്ടുപൊള്ളി കേരളം:അഞ്ച്  ജില്ലകളില്‍ സൂര്യഘാതത്തിന് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂര്യാഘാത സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൂര്യാഘാതം ഒഴിവാക്കാനായി പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെയുളള സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളംനിറത്തിലുളള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. വിനോദ സഞ്ചാരകേന്ദങ്ങളില്‍ കുട്ടികള്‍ മേല്‍പറഞ്ഞ സമയത്ത് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. തൊഴിലാളികള്‍ പുന:ക്രമീകരിച്ച സമയത്ത് മാത്രമേ ജോലി ചെയ്യാവൂ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പാലക്കാട് മുന്നില്‍

സംസ്ഥാനത്തെ ചൂട് റെക്കോര്‍ഡ് ഭേദിച്ച് പാലക്കാട് ജില്ല മുന്നില്‍. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ 41 ഡിഗ്രീ സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. 23 ഡിഗ്രിയാണ് കുറഞ്ഞ താപനില. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മലമ്പുഴയില്‍ സ്ഥാപിച്ച തെര്‍മോമീറ്ററില്‍ 37 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് പ്രകാരം തൃശ്ശൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുളളത്.

Read More >>