ശ്രീശാന്തിന്റെ വിലക്ക് സുപ്രിം കോടതി നീക്കി

ബി.സി.സി.ഐ ആജീവനാന്ത വിലക്കാണ് ശ്രീശാന്തിന് മേലില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആറു വര്‍ഷമായി വിലക്ക് തുടരുകയായിരുന്നു.

ശ്രീശാന്തിന്റെ വിലക്ക് സുപ്രിം കോടതി നീക്കി

ന്യൂഡല്‍ഹി: വാതുവെപ്പുകേസില്‍ കുറ്റാരോപിതനായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മേലില്‍ ബി.സി.സി.ഐ ചുമത്തിയിരുന്ന വിലക്ക് സുപ്രിം കോടതി നീക്കി. എന്നാല്‍ കേസില്‍ ശ്രീശന്തിനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.ബി.സി.സി.ഐ ആജീവനാന്ത വിലക്കാണ് ശ്രീശാന്തിന് മേലില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആറു വര്‍ഷമായി വിലക്ക് തുടരുകയായിരുന്നു.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം. എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നല്‍കേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രിം കോടതി വിധിയില്‍ പറയുന്നു. ബി.സി.സി.ഐ അനുവദിച്ചാല്‍ ശ്രീശാന്തിന് ഇനി കളിക്കാനാകും.

കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് വിധിയോട് ശ്രീശാന്ത് പ്രതികരിച്ചത്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞ ആറുമാസമായി താന്‍ പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

2013ലാണ് വാതുവെപ്പുക്കേസില്‍ ശ്രീശാന്ത് അറസ്റ്റു ചെയ്യപ്പെടുന്നത്. അതിനെത്തുടര്‍ന്നാണ് ബി.സി.സി.ഐ ശ്രീശാന്തിന് ക്രിക്കറ്റ് മത്സരത്തില്‍ കളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത്. വിചാരണ കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനീക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കുവാന്‍ തയ്യാറായില്ല.ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയില്‍ ചോദ്യം ചെയ്തത്.

വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും ബി.സി.സി.ഐ പറഞ്ഞിരുന്നു. വിഷയത്തില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബി.സി.സി.ഐ നിലപാട് ശരിനവെച്ചിരുന്നു. തുടര്‍ന്ന് ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.