ശബരിമല: നിരീക്ഷണസമിതിയ്ക്കെതിരായ ഹർജി ഉടൻ പരിഗണിക്കില്ല

നിരീക്ഷക സമിതിയെ നിയമിച്ച ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ശബരിമല: നിരീക്ഷണസമിതിയ്ക്കെതിരായ ഹർജി ഉടൻ പരിഗണിക്കില്ല

ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതിയ്ക്കെതിരായ ഹർജി ഉടൻ പരിഗണിയ്ക്കണിക്കാനാവില്ലെന്ന് സുപ്രിം കോടതി. സംസ്ഥാനസർക്കാരിന്‍റെ ആവശ്യം തള്ളിയ കോടതി, സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്നും അറിയിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞിരുന്നു. റിട്ട്, റിവ്യൂ ഹർജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരിയിൽ മാത്രമേ പരിഗണിക്കൂവെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

നിരീക്ഷക സമിതിയെ നിയമിച്ച ഹൈക്കോടതി നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി നടപടി പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുവെന്നും ഹർജിയിൽ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യമാണെങ്കില്‍ സുപ്രിം കോടതിക്ക് മേല്‍നോട്ട സമിതിയെ നിയോഗിക്കാമെന്നുമാണ് സർക്കാർ നിലപാട്. അതേസമയം സമിതി കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം സന്ദര്‍ശിച്ചിരുന്നു. ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ.ഹേമചന്ദ്രന്‍ എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്.

Read More >>