മോദി ബഹുമുഖ പ്രതിഭ; പ്രധാനമന്ത്രിയെ പ്രശംസകൊണ്ട് മൂടി സുപ്രിം കോടതി ജഡ്ജ് അരുൺ മിശ്ര

ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് ജഡ്ജ് അരുൺ മിശ്ര

മോദി ബഹുമുഖ പ്രതിഭ; പ്രധാനമന്ത്രിയെ  പ്രശംസകൊണ്ട് മൂടി സുപ്രിം കോടതി ജഡ്ജ് അരുൺ മിശ്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് സുപ്രിം കോടതി ജഡ്ജ് ജസ്റ്റിസ് അരുൺ മിശ്ര. ബഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് ജഡ്ജ് അരുൺ മിശ്ര പറഞ്ഞു. സുപ്രിം കോടതിയിൽ നടന്ന അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസ് 2020- ജൂഡീഷ്യറിയും മാറുന്ന ലോകവും' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അന്തസുറ്റ മാനുഷിക അസ്തിത്വമാണ് നമ്മുടെ പ്രധാന പരിഗണന. ചർച്ചകൾക്ക് തുടക്കമിടുന്നതിലും കോൺഫറൻസിനായി അജണ്ട ക്രമീകരിക്കുന്നതിലും പ്രചോദനാത്മകമായ പ്രസംഗം നൽകുന്നതിന് ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാം നന്ദി പറയണം'- അരുൺ മിശ്ര പറഞ്ഞു.

കാലഹരണപ്പെട്ട 1,500 നിയമങ്ങൾ ഇല്ലാതാക്കിയതിന് പ്രധാനമന്ത്രിയേയും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനേയും അഭിനന്ദിച്ച മിശ്ര, മോദിയുടെ മേൽനോട്ടത്തിൽ ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിൽ ഉത്തരവാദിത്വമുള്ളതും സൗഹാർദ്ദപരവുമായ രാജ്യമായി മാറിയെന്നും അഭിപ്രായപ്പെട്ടു.

ദേശീയ, അന്തർദേശീയ തലങ്ങളിൽ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികൾ സാധാരണമാണ്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജുഡീഷ്യറിക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എങ്ങനെയാണ് ഈ രാജ്യം ഇത്ര വിജയകരമായി പ്രവർത്തിക്കുന്നത് എന്നോർത്ത് ജനങ്ങൾ അത്ഭുതപ്പെടുന്നുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദത്തിൽ നിന്ന് മുക്തവും സമാധാനപരവും സുരക്ഷിതവുമായ ഒരു ലോകത്തിനായി സമർപ്പിതമാണ്. വികസന പ്രക്രിയയിൽ പരിസ്ഥിതി സംരക്ഷണം പരമോന്നതമായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതി ജഡ്ജിന്റെ രാഷ്ട്രീയ പ്രസ്താവനയെ അമ്പരപ്പോടെയാണ് രാജ്യം നോക്കുന്നത്. സുപ്രിം കോടതി ജഡ്ജുമാർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് ശുഭസൂചകമല്ലെന്നാണ് വിമർശം. സുപ്രിം കോടതി സീനിയോരിറ്റിയിൽ മൂന്നാം സ്ഥാനത്താണ് മിശ്ര. ടെലികോം കമ്പനികൾക്കതെിരായ കേസ്, മരട് ഫ്‌ളാറ്റ് കേസ് തുടങ്ങി പ്രധാന കേസുകൾ കൈകാര്യം ചെയ്യുന്നത് അരുൺ മിശ്രയാണ്. കൂടാതെ, കണ്ണൂർ, കരുണ ഓർഡിനൻസ്, ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം തുടങ്ങിയ കേസുകളിലും വിധി പ്രസ്താവിച്ച് മിശ്രയായിരുന്നു.

നരേന്ദ്ര മോദിയാണ് സുപ്രിം കോടതി സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടന്‍ സുപ്രിം കോടതി പ്രസിഡന്റ് ലോര്‍ഡ് റോബര്‍ട്ട് ജോണ്‍ റീഡ് ഉള്‍പ്പടെ വിദേശ രാജ്യങ്ങളിലെ 20-ല്‍ അധികം ന്യായാധിപന്‍മാര്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും.

Next Story
Read More >>