കര്‍ണാടക പ്രതിസന്ധി: ഇന്നു തന്നെ തീരുമാനം എടുക്കണമെന്ന് സ്പീക്കറോട് സുപ്രിം കോടതി

രാജിവെച്ച 'ഒളിവില്‍' താമസിക്കുന്ന എം.എല്‍.എമാരോട് ഇന്ന് വൈകിട്ട് ആറിന് സ്പീക്കറെ കാണാന്‍ കോടതി ആവശ്യപ്പെട്ടു..

കര്‍ണാടക പ്രതിസന്ധി: ഇന്നു തന്നെ തീരുമാനം എടുക്കണമെന്ന് സ്പീക്കറോട് സുപ്രിം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കൂറുമാറ്റ രാഷ്ട്രീയത്തില്‍ ഇടപെട്ട് സുപ്രിം കോടതി. തങ്ങളുടെ രാജി അംഗീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് 10 എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്ന കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം എടുക്കാന്‍ സ്പീക്കര്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. രാജിവെച്ച 'ഒളിവില്‍' താമസിക്കുന്ന എം.എല്‍.എമാരോട് ഇന്ന് വൈകിട്ട് ആറിന് സ്പീക്കറെ കാണാന്‍ കോടതി ആവശ്യപ്പെട്ടു.

വിമത എം എല്‍ എ മാര്‍ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് സുപ്രിം കോടതിയില്‍ ഹാജരായത്. സ്പീക്കര്‍ തന്റെ കടമ നിര്‍വഹിക്കുന്നില്ലെന്നും എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നില്ലെന്നും ഇതു വളരെ ഗുരുതരമായ പ്രതിസന്ധി ആണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ഇതോടെ, നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നും എം.എല്‍.എമാര്‍ രാജി വയ്ക്കുക എന്നാണോ നിങ്ങളുടെ ആവശ്യമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആരാഞ്ഞു.ഇതിന്, അതെ, ഞങ്ങള്‍ക്ക് രാജി വയ്ക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയാണ്. ഞങ്ങള്‍ക്ക് വീണ്ടും ജനങ്ങളിലേക്ക് പോകണം. രാജി വച്ച് തെരെഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നായിരുന്നു റോത്തഗിയുടെ മറുപടി. ഇതോടെ, വിമത എം.എല്‍.എമാര്‍ക്ക് കര്‍ണാടക സ്പീക്കര്‍ക്ക് മുന്നില്‍ ഇന്ന് വൈകിട്ട് 6 മണിക്ക് ഹാജര്‍ ആയി രാജി കത്ത് നല്‍കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.

ഇന്ന് തന്നെ രാജി കത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കണമെന്നും സുപ്രിം കോടതി നിര്‍ദേശവും നല്‍കി. കൂടാതെ, എം.എല്‍.എ മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ഡി.ജി.പിക്കും കോടതി നിര്‍ദേശം നല്‍കി. വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനായി കോടതി മാറ്റി.

അതിനിടെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എച്ച്. ഡി. കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായ കൂടിക്കാഴ്ച നടത്തി. ഇന്ന് മുതല്‍ ശനിയാഴ്ച വരെ നിയമസഭയിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെല്ലാം കഴിഞ്ഞ ദിവസം രാജി നല്‍കിയിരുന്നു. മുഖ്യമന്ത്രി മാത്രമാണ് ഇനി രാജി നല്‍കാനുള്ളത്. അതേസമയം, രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവച്ചതോടെ 225 അംഗ സഭയില്‍ കോണ്‍ഗ്രസ്- ജനതാ ദള്‍ സര്‍ക്കാരിന്റെ അംഗബലം 101 ആയി കുറഞ്ഞു. 107 പേരാണ് ബിജെപി പക്ഷത്തുള്ളത്.

Read More >>