മുസ്‌ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം : ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു

ആരാധന നിര്‍വ്വാഹിക്കുന്നതിനായി മുസ്‌ലിം പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വനിതകളെ വിലക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം എന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സ്വദേശികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവര്‍ ആ കോടതിയെ സമീപിച്ചിരിക്കുന്നത്.

മുസ്‌ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം : ഹര്‍ജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാര്‍, വഖഫ് ബോര്‍ഡുകള്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

ശബരിമല കേസ് വിധി നിലനില്‍ക്കുന്നത് കൊണ്ട് മാത്രമാണ് ഹര്‍ജി പരിഗണിക്കുന്നതെന്നാണ് കോടതി ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്കെതിരെ ഭരണഘടനയുടെ 14ാം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു. മുസ്‌ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനമല്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ബോബ്‌ഡെ, സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമൊ എന്ന് ആരാഞ്ഞു. ആരെങ്കിലും അവരുടെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചാല്‍, അതിന് പൊലീസ് സംരക്ഷണം തേടാന്‍ കഴിയുമോ എന്നും ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചു.

ആരാധന നിര്‍വ്വാഹിക്കുന്നതിനായി മുസ്‌ലിം പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വനിതകളെ വിലക്കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം എന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സ്വദേശികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവര്‍ ആ കോടതിയെ സമീപിച്ചിരിക്കുന്നത്. മുസ്‌ലിം പള്ളികളില്‍ വനിതകളെ പ്രവേശിക്കുന്നത് വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണം എന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനം ആണ് വിലക്ക് എന്നും ഹര്‍ജിക്കാര്‍ പറയുന്നു.

പൂനാ ബോപ്പോഡിയിലെ മുഹമ്മദിയ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്ക് കയറാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ പള്ളി ഇമാമിന് കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് പരാതി. പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു എങ്കിലും സഹായം ലഭിച്ചില്ല എന്നും ഹരജിയില്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ മറ്റ് ആറു എതിര്‍ കക്ഷികളുണ്ട്.

Read More >>