ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; സി.ബി.ഐ , ഐബി മേധാവികളെയും, ഡല്‍ഹി പോലീസ് കമ്മിഷണറെയും സുപ്രിം കോടതി വിളിച്ചുവരുത്തി

അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിനു പൂര്‍ണ്ണ സുരക്ഷാ ഉറപ്പാക്കാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; സി.ബി.ഐ , ഐബി  മേധാവികളെയും, ഡല്‍ഹി പോലീസ്  കമ്മിഷണറെയും  സുപ്രിം കോടതി വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗീക പീഡന ആരോപണ കേസില്‍ സി.ബി.ഐ ഡയറക്ടര്‍, ഇന്റിലിജന്‍സ് ബ്യുറോ മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചു. 12.30ന് ജഡ്ജിമാരുടെ ചേംബറിലേക്കാണ് ഇവരെ വിളിച്ചു വരുത്തിയത്.

രാജ്യത്തെ ഒരു കോര്‍പറേറ്റ് സ്ഥാപനമാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നില്‍ എന്ന് അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സിന്റെ സത്യവാങ് മൂലം പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. അഭിഭാഷകന്‍ ഉത്സവ് ബെയിന്‍സിനു പൂര്‍ണ്ണ സുരക്ഷാ ഉറപ്പാക്കാനും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് ഇന്ന് മൂന്ന് മണിക്ക് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം മുതിര്‍ന്ന ജസ്റ്റിസുമാരടങ്ങിയ മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചിരുന്നു. തനിക്കെതിരെ വന്‍ ഗൂഡാലോചനയാണ് നടന്നിരിക്കുന്നത്. തനിക്കെതിരെ ആരോപണത്തില്‍ മറുപടി പറഞ്ഞ് തരം താഴാനില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്ദന്‍ നരിമാന്‍, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുന്നത്.

Read More >>