ന്യൂസിലാന്റില്‍ തീവ്രവാദാക്രമണം: ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരണം

മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനായ ബ്രെണ്ടന്‍ ഹാരിസണ്‍ ടററ്റിനെ ക്രൈസ്റ്റ്ചര്‍ച്ച് കോടതിയില്‍ ഇന്ന് ഹാജാരാക്കിയതിനുശേഷം റിമാന്റ് ചെയ്തു

ന്യൂസിലാന്റില്‍ തീവ്രവാദാക്രമണം: ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരണം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ തീവ്രവാദാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി സ്ഥിരീകരണം.ഗുജറാത്ത് സ്വദേശിയായ മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്.ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായിട്ടുണ്ടെന്ന് ന്യൂസിലാന്റിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.നിലവില്‍ 49 പേരാണ് തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.ഇതില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

20 പേര്‍ക്കാണ് വെടിവെയ്പ്പില്‍ പരിക്കേറ്റത്. ആക്രമണം അക്രമി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഒരു തോക്കിന്റെ മുനയില്‍ നിരവധി പേര്‍ മരിച്ചു വീഴുന്ന ദൃശ്യങ്ങളാണ് അക്രമി തത്സമയം പുറത്തുവിട്ടത്. അക്രമി സ്വന്തം തൊപ്പിക്ക് മുകളില്‍ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്.

മുസ്ലീം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്‌ട്രേലിയന്‍ പൗരനായ ബ്രെണ്ടന്‍ ഹാരിസണ്‍ ടററ്റിനെ ക്രൈസ്റ്റ്ചര്‍ച്ച് കോടതിയില്‍ ഇന്ന് ഹാജാരാക്കിയതിനുശേഷം റിമാന്റ് ചെയ്തു.സൗത്ത് ഐലന്റിലെ സിറ്റി ഹൈക്കോട്ടില്‍ ഏപ്രില്‍ അഞ്ചിന് ഹാജരാക്കുന്നതുവരെ ഇയാളെ റിമാന്റിലായിരിക്കും.