ന്യൂസിലാന്റിലെ രണ്ട് പള്ളികളിലെ വെടിവെയ്പ്പ്: മരണം 49 ആയി

ആക്രമണസംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നു പുരുഷൻമാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂസിലാന്റിലെ രണ്ട് പള്ളികളിലെ വെടിവെയ്പ്പ്: മരണം 49 ആയി

ഓക്ലന്‍ഡ്: ന്യൂസിലാന്റിലെ ചര്‍ച്ച് സിറ്റിയിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി. 20 പേർക്ക് ഗുരുതര പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരം.

അൽനൂർ മോസ്‌കിലാണ് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 10 പേർ ലിൻവുഡ് മോസ്‌കിൽ നടന്ന വെടിവയ്പ്പിലും. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർദേൻ ഇന്ന് ന്യൂസിലൻഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.

ആക്രമണസംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നു പുരുഷൻമാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ ഓസ്‌ട്രേലിയൻ പൗരനാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. പ്രദേശത്തുനിന്ന് വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലൻഡിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.

ചര്‍ച്ച് സിറ്റിയിലെ ഹഗ്ലെ പാര്‍ക്കിലെ പള്ളിയില്‍ നടത്തിയ വെടിവെപ്പിനു ശേഷം അക്രമി ഓടിമറഞ്ഞുവെന്ന് ദൃക്സാക്ഷികളുടെ മൊഴി മാദ്ധ്യ്യമങ്ങള്‍ പുറത്തുവിട്ടു. വെടിവെപ്പിനെ തുടര്‍ന്ന് അധികൃതര്‍ സായുധ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമി ഇപ്പോഴും നഗരം വിട്ടിട്ടില്ലെന്നും പലയിടങ്ങളിലായി കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പോലിസ് മുന്നറിയിപ്പു നല്‍കി. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെടിവെപ്പു നടന്ന ഒരിടത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഉണ്ടായിരുന്നതായും പ്രാദേശികപത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കോച്ചു ടീം അംഗങ്ങളും സുരക്ഷിതരാണ്. വെടിവെപ്പിനെ തുടര്‍ന്ന് ടീം അംഗങ്ങള്‍ പരിഭ്രാന്തരായെങ്കിലും അവര്‍ സുരക്ഷിതരാണെന്ന് പലരും പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളില്‍ കാണുന്നു. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

Read More >>