നഗരസഭയെ തള്ളി സര്‍ക്കാര്‍; തോമസ് ചാണ്ടി പിഴത്തുക 34 ലക്ഷം നല്‍കിയാല്‍ മതി

സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗണ്‍സില്‍ തീരുമാനം എടുക്കുകയായിരുന്നു.

നഗരസഭയെ തള്ളി സര്‍ക്കാര്‍; തോമസ് ചാണ്ടി പിഴത്തുക 34 ലക്ഷം നല്‍കിയാല്‍ മതി

തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് അനുകൂലമായി വീണ്ടും സര്‍ക്കാര്‍ ഉത്തരവ്. 1.17 രൂപ പിഴ ഈടാക്കാനുള്ള ആലപ്പുഴ നഗരസഭ തീരുമാനം തിരുത്തി 34 ലക്ഷം രൂപ മാത്രം പിഴ അടച്ചാല്‍ മതിയെന്ന് കാട്ടി തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ തീരുമാനം നടപ്പിലാക്കാത്ത പശ്ചാത്തലത്തില്‍ വസ്തുനടപടികള്‍ പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ നഗരസഭാസെക്രട്ടറി ബാധ്യസ്ഥനാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് ചട്ടലംഘനത്തിന്റെ പേരില്‍ നികുതിയും പിഴയും ഉള്‍പ്പെടുത്തി 2.76 കോടി രൂപ പിഴയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. പിന്നീട് പിഴ തുക 1.17 കോടി രൂപയായി കുറച്ചു. എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്മേല്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഴത്തുക 34 ലക്ഷമായി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമവിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പക്ഷേ, ഈ തീരുമാനം അംഗീകരിക്കാനാകില്ലെന്നായിരുന്നു ആലപ്പുഴ നഗരസഭ കൗണ്‍സിലിന്റെ നിലപാട്.

നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണ് സര്‍ക്കാരിന്റെ നിലപാടെന്നും നഗരസഭ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗണ്‍സില്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നഗരസഭയുടെ തീരുമാനം അസാധുവാക്കി തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തിരിക്കുന്നത്.

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ തോമസ് ചാണ്ടിക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി ഇതേ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് തന്നെ രാജിവയ്ക്കേണ്ടി വന്നത്.

Read More >>