സിഖ് വിരുദ്ധകലാപം: കമൽനാഥിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി

അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസുമായി ബന്ധപ്പെട്ട് കമൽ നാഥിന്റെ അനന്തരവൻ രത്തുൽ പുരിയെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് കമൽനാഥിനെതിരെയുള്ള നീക്കം.

സിഖ് വിരുദ്ധകലാപം: കമൽനാഥിനെതിരെ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി

ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ അനുമതി. അഗസ്റ്റ വെസ്റ്റ് ലാൻഡ് കേസുമായി ബന്ധപ്പെട്ട് കമൽ നാഥിന്റെ അനന്തരവൻ രത്തുൽ പുരിയെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് കമൽനാഥിനെതിരെയുള്ള നീക്കം.

പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ കേസ് നടപടികൾ ആരംഭിച്ചു. കമൽനാഥിനെതിരായ പുതിയ തെളിവുകൾ എസ്‌.ഐ.ടി പരിഗണിക്കും. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബർ 31-ന് സിഖുകാരായ രണ്ട് അംഗരക്ഷകരാൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് കാലാപമുണ്ടാകുന്നത്. എന്നാൽ ആരോപണത്തെ കമൽനാഥ് എല്ലായ്പ്പോഴും നിഷേധിച്ചിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത ദിവസം മധ്യപ്രദേശിലും പഞ്ചാബിലും പ്രതിഷേധം നടന്നിരുന്നു.

ഡൽഹിയിലെ ഗുരുദ്വാര റകബ്ഗഞ്ചിന് പുറത്ത് നടന്ന കലാപത്തിൽ കമൽനാഥ് പങ്കെടുത്തതായാണ് അകാലിദളിൻെറ ആരോപണം. കലാപത്തിൽ ആരോപണ വിധേയനായ കമൽനാഥിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി അകാലിദൾ നേതാവ് മൻജിന്ദർ എസ് സിർസ ട്വീറ്റിലൂടെ വ്യക്തമാക്കി. കഴിഞ്ഞ വർഷം നൽകിയ പരാതി പ്രകാരം കമൽ നാഥിനെതിരായ കേസ് നമ്പർ 601/84 പുനരാരംഭിക്കുന്നതായി എം.എച്ച്.എ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു.

പുതിയ തെളിവുകൾ പരിഗണിച്ചാണ് കമൽനാഥിനെതിരായ അന്വേഷണം. കോൺഗ്രസ് നേതാവിനെതിരെ ഹാജരാകാകാൻ രണ്ട് സാക്ഷികൾ തയ്യാറാണെന്ന് സിർസ പറഞ്ഞു. സിഖുകാർക്ക് നീതി ലഭിക്കാനായി മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തും നിന്നും കമൽനാഥിനെ നീക്കാൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോട് സിർസ അഭ്യർത്ഥിച്ചു.

Next Story
Read More >>