തിരിച്ചടവിന് 'തിരിച്ചെത്തിക്കലു'മായി ബന്ധമില്ല: വിജയ് മല്യ

കടമെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഇന്ത്യന്‍ സര്‍ക്കാറും ബാങ്കുകളും പണം സ്വീകരിക്കണമെന്നും ബുധനാഴ്ച നിരവധി ട്വീറ്റുകളിലൂടെ മല്യ ആവശ്യപ്പെട്ടിരുന്നു.

തിരിച്ചടവിന് തിരിച്ചെത്തിക്കലുമായി ബന്ധമില്ല: വിജയ് മല്യ

താന്‍ പണം തിരിച്ചടയ്ക്കാം എന്നു പറഞ്ഞതിന് അഗസ്റ്റവെസ്റ്റ്‌ലാന്റ് ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷലിനെ ഇന്ത്യയിലെത്തിച്ചതുമായി യാതൊരു ബന്ധവുമില്ലായെന്ന് വിവാദ വ്യവസായി വിജയ് മല്യ. അതേസമയം താന്‍ തിരിച്ചടയ്ക്കാമെന്നു പറഞ്ഞ പണം ബാങ്കുകള്‍ സ്വീകരിക്കണമെന്നും മല്യ ട്വിറ്ററിലൂടെ വീണ്ടും ആവശ്യപ്പെട്ടു.

' ബഹുമാനത്തോടെ എല്ലാ വിമര്‍ശകരോടും, എങ്ങനെയാണ് എന്നെ തിരിച്ചെത്തിക്കാനുള്ള നടപടികളും ക്രിസ്റ്റ്യന്‍ മിഷേലിനെ തിരിച്ചെത്തിച്ച നടപടിയും എന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുമായി ബന്ധപ്പെട്ടുവെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാന്‍ വീണ്ടും ആവശ്യപ്പെടുന്നത് പണം സ്വീകരിക്കൂ എന്നാണ്. ഞാന്‍ പണം അപഹരിച്ചു എന്നുള്ള കഥകള്‍ അവസാനിപ്പിക്കണമെന്നും' മല്യ ട്വീറ്റ് ചെയ്തു.

കടമെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഇന്ത്യന്‍ സര്‍ക്കാറും ബാങ്കുകളും പണം സ്വീകരിക്കണമെന്നും ബുധനാഴ്ച നിരവധി ട്വീറ്റുകളിലൂടെ മല്യ ആവശ്യപ്പെട്ടിരുന്നു. ഏവിയേഷൻ ടർബിൻ എണ്ണയുടെ വില കൂടിയതോടെയാണ് കിങ്ഫിഷർ എയർലൈൻസ് കമ്പനി സാമ്പത്തികമായി നഷ്ടത്തിലായതെന്നും ഇതോടെയാണ് പണം തിരിച്ചടയ്ക്കാനാവാതെ വന്നതെന്നും മല്യ പറഞ്ഞു.

പലിശയടക്കം 9,990.07 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. 2016 മാര്‍ച്ച് രണ്ടിനാണ് 62കാരനായ മല്യ ഇന്ത്യവിട്ട് ലണ്ടനിലെത്തുന്നത്. മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 10ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി വിധി പറയാനിരിക്കെയാണ് പണം തിരിച്ചടക്കാമെന്ന് മല്യ സമ്മതിച്ചത്.
Read More >>