ഭരണകൂടം സ്‌പോൺസർ ചെയ്യുന്നിടത്തോളം കാലം ഭീകരവാദം ഇവിടെ ഉണ്ടാകും, ഇല്ലാതാക്കാൻ അടിവേര് അറുക്കണം: ബിപിൻ റാവത്ത്

തീവ്രവാദികൾക്ക് ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനിൽക്കും

ഭരണകൂടം സ്‌പോൺസർ ചെയ്യുന്നിടത്തോളം കാലം ഭീകരവാദം ഇവിടെ ഉണ്ടാകും, ഇല്ലാതാക്കാൻ അടിവേര് അറുക്കണം: ബിപിൻ റാവത്ത്

ന്യൂഡൽഹി: ഭീകരവാദത്തെ ഭരണകൂടങ്ങൾ സ്‌പോൺസർ ചെയ്യുന്നിടത്തോളം കാലം അത് നിലനിൽക്കുമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ അതിന്റെ അടിവേര് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വ്യാഴാഴ്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല, അത് തുടർന്നുകൊണ്ടേയിരിക്കും. ഭീകരവാദത്തിന്റെ അടിവേര് കണ്ടെത്തി അറുത്തുമാറ്റുന്നതുവരെ അതുമായി നാം ജീവിക്കേണ്ടി വരും.'- റാവത്ത് പറഞ്ഞു. പാകിസ്താനെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2011 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിന് ശേഷം യു.എസ് സ്വീകരിച്ച മാർഗണെന്നും അദ്ദേഹം പറഞ്ഞു.

'2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ അതിന് സാധിക്കൂ. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവർ പറയുന്നത്. അപ്രകാരം ചെയ്യണമെങ്കിൽ നിങ്ങൾ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണം.'- റാവത്ത് പറഞ്ഞു.

തീവ്രവാദികൾക്ക് ധനസഹായവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം കാലം തീവ്രവാദവും ഇവിടെ നിലനിൽക്കും. നിഴൽയുദ്ധത്തിനായി അവർ തീവ്രവാദികളെ ഉപയോഗിക്കും. ആയുധങ്ങൾ നിർമ്മിച്ചു നൽകുകയും ആവശ്യത്തിന് പണം നൽകുകയും ചെയ്യും. ഇത് തുടരുന്നതിനാലാണ് തീവ്രവാദത്തെ നിയന്ത്രിക്കാൻ കഴിയാത്തതെന്നും സേനാ മേധാവി പറഞ്ഞു.

തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്ന രാജ്യം അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. അത്തരം രാജ്യങ്ങളെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) കരിമ്പട്ടികയിൽ പെടുത്തിയത് നല്ല നടപടിയാണെന്നും നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ. നിങ്ങൾ അത് ചെയ്തേ മതിയാകൂവെന്നും റാവത്ത് അഭിപ്രായപ്പെട്ടു.

Read More >>