പറഞ്ഞുപറ്റിച്ച് സര്‍ക്കാര്‍; വയനാട്ടില്‍ ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക്

മാനന്തവാടി ചെറ്റപ്പാലത്തെ വി.സി രവീന്ദ്രന്റെ വീടും സ്ഥലവും 21ന് ജപ്തി ചെയ്യും

പറഞ്ഞുപറ്റിച്ച് സര്‍ക്കാര്‍;  വയനാട്ടില്‍ ബാങ്കുകള്‍ ജപ്തി നടപടികളിലേക്ക്

ബിന്‍ സൂഫി

കല്‍പ്പറ്റ: നിലവിലുള്ള മൊറട്ടേറിയം ദീര്‍ഘിപ്പിച്ചും ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ വെറുംവാക്കാവുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം അവഗണിച്ച് വയനാട്ടില്‍ ബാങ്കുള്‍ ജപ്തി നടപടികള്‍ വീണ്ടും സജീവമാക്കി.

മാനന്തവാടി ചെറ്റപ്പാലത്തെ വി.സി രവീന്ദ്രന്റെ വീടും സ്ഥലവും 21ന് ജപ്തി ചെയ്യും. രണ്ട് മാസത്തിനിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ ജപ്തിയാവുമിത്. ഫെഡറല്‍ ബാങ്കിന്റെ മാനന്തവാടി ബ്രാഞ്ചില്‍ നിന്ന് എടുത്ത ഭവന വായ്പ കുടിശ്ശികയായതിനെ തുടര്‍ന്നാണ് ജപ്തി നടപടി.

2004ലാണ് രവിയും കുടുംബവും ചെറ്റപ്പാലത്തെ ഒമ്പത് സെന്റ് സ്ഥലം പണയപ്പെടുത്തി നാല് ലക്ഷം രൂപ ഭവന വായ്പ എടുത്തത്. അന്ന് രവീന്ദ്രന് ചെറിയൊരു ജോലിയും ഭാര്യക്ക് ടൈലറിംഗില്‍ നിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. പ്രതിമാസം നാലായിരം രൂപ വീതം 36 മാസം 144000 രൂപ വായ്പ തുകയിലേക്ക് തിരിച്ചടച്ചു. ഇപ്പോള്‍ പലിശയും പിഴപലിശയുമായി 15 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി രവിന്ദ്രന് പറയത്തക്ക ജോലികളില്ല. ഭാര്യ ഉഷക്ക് മറ്റൊരു ടൈലറിംഗ് യൂണിറ്റില്‍ നിന്ന് ലഭിക്കുന്ന കുറഞ്ഞ കൂലി കൊണ്ടാണ് രണ്ട് മക്കളും രവിയും ഉഷയും ജീവിച്ചു പോരുന്നത്. ഇതിനിടെ വായ്പ തിരിച്ചടക്കാത്തതിനാല്‍ കോടതിയില്‍ കേസാവുകയും എറണാകുളത്തെ കോടതിയില്‍ രവീന്ദ്രന്‍ ഹാജരാകാത്തതിനാല്‍ തുക ഈടാക്കാന്‍ ബാങ്കിന് അനുമതി നല്‍കി കോടതി വിധിക്കുകയും ചെയ്യുകയായിരുന്നു.

ഇതു പ്രകാരമാണ് ഈ മാസം 21ന് രവിയുടെ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ഒമ്പത് സെന്റ് സ്ഥലവും ജപ്തി ചെയ്യാന്‍ ഫെഡറല്‍ ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെങ്കില്‍ 21ന് രവീന്ദ്രനും കുടുംബവും തെരുവിലിറങ്ങേണ്ടിവരും. രണ്ടര മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വയനാട് ജില്ലയില്‍ ജപ്തി നടപടികളുമായി ബാങ്കുകള്‍ രംഗത്തെത്തുന്നത്.

ജപ്തി അനുവദിക്കില്ല: ഹരിതസേന

കല്‍പ്പറ്റ: മാനന്തവാടി ചെറ്റപ്പാലത്തെ വി.സി രവീന്ദ്രന്റെ വീടും സ്ഥലവും 21ന് ജപ്തി ചെയ്യാനുള്ള ഫെഡറല്‍ ബാങ്കിന്റെ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഹരിതസേന സംസ്ഥാന കണ്‍വീനര്‍ അഡ്വ. പ്രദീപ്കുമാര്‍ തത്സമയത്തോട് പറഞ്ഞു.

മോറട്ടോറിയം നിലവിലരിക്കേ ജില്ലയില്‍ ഇത് രണ്ടാമത്തെ ജപ്തിയുമായാണ് ബാങ്കുകള്‍ മുന്നോട്ട് പോവുന്നത്. ദൈനംദിന ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരുടെ കിടപ്പാടം കൂടി നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല. ജപ്തി തടയുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കല്‍പ്പറ്റയില്‍ ഹരിതസേനയുടെ യോഗം ചേരുന്നുണ്ട്. മറ്റ് കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

വ്യക്തതയില്ലാതെ റവന്യൂ വകുപ്പ്

കല്‍പ്പറ്റ: കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പ്രളയത്തെത്തുടര്‍ന്ന് ദീര്‍ഘിപ്പിക്കുകയും ചെയ്ത മൊറട്ടോറിയം കര്‍ഷകരുടെ ബാധ്യത കൂട്ടുക മാത്രമാണ് ചെയ്യുന്നതെന്ന പരാതിയുമായി കര്‍ഷകര്‍. ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കര്‍ഷകര്‍ക്ക് പ്രയോജനമാകുന്നില്ലെന്ന് കര്‍ഷക രക്ഷാ സമിതി ആരോപിച്ചു.

ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് മോറട്ടോറിയം ബാധകമല്ല. സഹകരണ ബാങ്കുകളിലെ കൃഷി വായ്പകള്‍ക്കും പിന്നോക്ക വികസന കോര്‍പറേഷനിലെ വായ്കള്‍ക്കും മാത്രമാണ് മൊറട്ടോറിയമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ലാത്തതിനാല്‍ മൊറട്ടോറിയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന വിധത്തിലാണ് ബാങ്ക് അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോവുന്നത്.

വില്‍പന നികുതി, മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, കെഎസ്ഇബി, ടെലിഫോണ്‍, കുടിശിക എന്നിവക്ക് മോറട്ടോറിയം ബാധകമാണോയെന്നതിലും വ്യക്തതയില്ല. വിദ്യാഭ്യാസ വായ്പയുടെ കോടികളാണ് നടപടികള്‍ കാത്ത് കിടക്കുന്നത്.

നഴ്സിംഗ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ തൊഴില്‍ രഹിതരായി കഴിയുമ്പോഴാണ് വായ്പയുടെ പേരിലുള്ള നടപടികള്‍. ഉത്തരവുകള്‍ക്ക് വ്യക്തമായ നിര്‍വചനമില്ലാത്തതും ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയാണ്.

സര്‍ഫാസി ആക്ട് പിടിവള്ളിയാക്കിയാണ് ബാങ്ക് അധികൃതരുടെ ജപ്തി നടപടി. വായ്പാകുടിശ്ശിക വരുത്തിയവര്‍ക്കെതിരെ സര്‍ഫാസി നിയമം ഉപയോഗിച്ച് ബാങ്കുകള്‍ നടപടി ശക്തമാക്കിയതോടെ വയനാട്ടിലെ എണ്ണായിരത്തിലധികം കര്‍ഷകരാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്.

Read More >>