ഞങ്ങളും മനുഷ്യരാണ്, കന്നുകാലികളല്ല; മുസ്ലീം തടവുകാരന്റെ ദേഹത്ത് ചാപ്പകുത്തിയതില്‍ പ്രതിഷേധിച്ച് ഒവൈസി

ഓരോ ദിവസവും ഞങ്ങളെ അധിക്ഷേപിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, കന്നുകാലികളല്ലെന്നായിരുന്നു ഒവൈസിയുടെ ട്വീറ്റ്

ഞങ്ങളും മനുഷ്യരാണ്, കന്നുകാലികളല്ല; മുസ്ലീം തടവുകാരന്റെ ദേഹത്ത് ചാപ്പകുത്തിയതില്‍ പ്രതിഷേധിച്ച് ഒവൈസി

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ മുസ്ലീം വിചാരണ തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഓം എന്ന് ചാപ്പകുത്തിയതിനെതിരെ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. കന്നുകാലികള്‍ക്ക് തുല്യമായി മനുഷ്യരെ മുദ്രകുത്തുന്നത് ക്രൂരവും മനുഷ്യത്വവിരുദ്ധവുമാണെന്നാണ് ഒവൈസി ട്വീറ്റ് ചെയ്തത്.

ഓരോ ദിവസവും ഞങ്ങളെ അധിക്ഷേപിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തുകയാണ്. ഞങ്ങള്‍ മനുഷ്യരാണ്, കന്നുകാലികളല്ലെന്നായിരുന്നു ഒവൈസിയുടെ ട്വീറ്റ്.ജയിലിലെ തടവുകാരനായ നബീര്‍ എന്ന വ്യക്തിയുടെ ദേഹത്താണ് അധികൃതര്‍ ചാപ്പ കുത്തിയത്. ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ഡല്‍ഹി സ്വദേശിയാണ് നബീര്‍.

നബീറിന്റെ കുടുംബം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ജയിലിലെ പീഡനം പുറത്തായത്. കോടതിയില്‍ ഷര്‍ട്ട് അഴിച്ച് 'ഓം' എന്ന് ചാപ്പകുത്തിയത് കാട്ടിയ നബീര്‍ ജയില്‍ അധികൃതര്‍ രണ്ടു ദിവസം ക്രൂരമായി മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതായും ആരോപിച്ചു. വെള്ളിയാഴ്ച കാര്‍കര്‍ദൂമ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് നബീര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തിഹാര്‍ ജയില്‍ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് നബീര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. താന്‍ മുസ്ലിം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്റെ ശരീരത്തില്‍ സൂപ്രണ്ട് 'ഓം' എന്ന് പച്ച കുത്തിയതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.

നബീറിന്റേത് ഗുരുതര ആരോപണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നബീറിന്റെ ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തീഹാര്‍ ഡയറക്ടര്‍-ജനറല്‍ അജയ് കശ്യപിനു മജിസ്ട്രേറ്റ് കോടതി നോട്ടീസ് നല്‍കി. ജയിലിലെ സിസിടിവി പരിശോധിക്കാനും മെഡിക്കല്‍ പരിശോധനയ്ക്കും കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

Read More >>