അലിഗഡ് സർവകലാശാല ഇന്ന് ഒഴിപ്പിക്കും, എല്ലാ വിദ്യാർത്ഥികളേയും വീട്ടിലേക്ക് അയക്കും: പൊലീസ്

നഗരത്തിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്

അലിഗഡ് സർവകലാശാല ഇന്ന് ഒഴിപ്പിക്കും, എല്ലാ വിദ്യാർത്ഥികളേയും വീട്ടിലേക്ക് അയക്കും: പൊലീസ്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ അലിഗഡ് മുസ്‌ലിം സർവകലാശാല ഇന്ന് ഒഴിപ്പിക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ് മേധാവി. ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളേയും വീട്ടിലേക്ക് കയറ്റിയയക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അലിഗഡ് വിദ്യാർത്ഥികൾ മാർച്ച് നടത്തുകുയം പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തിരുന്നു. സംഘർഷത്തിൽ 10 പൊലീസുകാർക്കും 30ഓളം വിദ്യാർത്ഥികൾക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസ് ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം. നഗരത്തിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. സർവകലാശാല ജനുവരി അഞ്ചു വരെ അടച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ പൊലീസ് ക്രൂരമായ അതിക്രമമായിരുന്നു നടത്തിയത്. അക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ജെ.എൻ.യു, ജാമിയ വിദ്യാർത്ഥികളാണ് ഇന്നലെ രാത്രി മുഴുവൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ജാമിയ സർവകലാശാലയിൽ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സർവകലാശാലാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പൊലീസ് വിട്ടയച്ചു.

എന്നാൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം തുടരുമെന്നും തങ്ങൾക്കെതിരെ നടന്ന പൊലീസ് അക്രമത്തിൽ നടത്തിവരുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നും ഉപരോധസമരം മാത്രമാണു പിൻവലിച്ചതെന്നും ജാമിയ വിദ്യാർത്ഥികൾ അറിയിച്ചു.

അതേസമയം, ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പരീക്ഷകൾ ബഹിഷ്‌കരിക്കാൻ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയിലെ വിദ്യാർത്ഥികൾ ആഹ്വാനം നൽകി.

Read More >>