പഴച്ചാറുകളിലും വിഷാംശം

ആഴ്‌സനിക്, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ വിഷാംശമുള്ള ധാതുക്കള്‍ 45 തരം ജ്യൂസുകളില്‍ കണ്ടെത്തിയെന്നാണ് എന്‍.ഡി ടിവി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്

പഴച്ചാറുകളിലും വിഷാംശം

ശ്രുതിലാല്‍

വേനല്‍ക്കാലത്ത് ചൂടു കൂടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നു ധാരാളം വെള്ളം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ, ആ സമയത്ത് നാം ധാരാളം വെള്ളം കുടിക്കേണ്ടതാണ്. പച്ച വെള്ളം കുടിച്ച് മടുക്കുമ്പോള്‍ പഴച്ചാറുകളെ ആശ്രയിക്കുന്നത് സ്വാഭാവികം. ആരോഗ്യസംരക്ഷണത്തിനും ശരീരത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന ജ്യൂസുകള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇങ്ങനെയാണെങ്കിലും ജ്യൂസില്‍ ചേരുന്ന പഞ്ചസാരയും ക്രീമുകളും എസന്‍സുകളും പ്രമേഹം പോലുള്ള രോഗങ്ങളിലൂടെ വില്ലനായി തീരാനും സാദ്ധ്യതകളുണ്ട്.

നാം കഴിക്കുന്ന പല ജ്യൂസുകളിലും വിഷമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ആഴ്‌സനിക്, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ വിഷാംശമുള്ള ധാതുക്കള്‍ 45 തരം ജ്യൂസുകളില്‍ കണ്ടെത്തിയെന്നാണ് എന്‍.ഡി ടിവി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ജ്യൂസുകളില്‍ ഇവയുടെ അളവ്. കുട്ടികളുടെ ആരോഗ്യത്തെയാണ് ഇത് കൂടുതലായി ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അര ഗ്ലാസ് ജ്യൂസ് ദിനവും കുടിച്ചാല്‍ കുട്ടികളുടെ ശരീരത്തില്‍ ഈ വിഷാംശങ്ങളെത്തുമത്രേ. ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാത്ത, അതായത് ഫ്രഷായ ജ്യൂസുകള്‍ കുട്ടികളും മുതിര്‍ന്നവരും പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്ന് പഠനം നടത്തിയ സംഘത്തിലെ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടിലെ സയന്റിഫിക് മേധാവിയായ ജെയിംസ് ഡിക്കര്‍സണ്‍ പറയുന്നു.

ഇതുകൂടാതെ, രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിച്ചു വിപണിയില്‍ എത്തിക്കുന്ന അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു. പെപ്സി, കൊക്കക്കോള, സ്പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍അപ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊല്‍ക്കത്തയിലെ നാഷനല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റു ഘനലോഹങ്ങളുടെയും സാന്നിദ്ധ്യം കണ്ടെത്തിയത്. ഇത്തരം പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് പെറ്റ് (പോളി എഥലിന്‍ ടെര്‍താലേറ്റ്) ബോട്ടിലുകളില്‍ നിറയ്ക്കുന്നതു മൂലമാണ് കാഡ്മിയവും ക്രോമിയവും കലരാന്‍ ഇടയായതെന്നു പരിശോധനയില്‍ തെളിഞ്ഞു. പെറ്റ് ബോട്ടിലുകളില്‍ വിറ്റഴിക്കുന്ന മദ്യം, ജ്യൂസ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയില്‍ കാന്‍സറിനു കാരണമായേക്കാവുന്ന തരത്തില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

കുട്ടികളും അപകടത്തില്‍

കൊക്ക കോളയുടെ മിനുട് മെയ്ഡു പോലുള്ള പാക്കറ്റ് ജ്യൂസുകളില്‍ വിഷാംശമുള്ള ധാതുക്കളുടെ അളവ് കൂടുതലാണെന്നാണ് പഠനം. ടിന്നിലും കുപ്പിയിലും നിറച്ചു വരുന്നവ യഥാര്‍ത്ഥത്തിലുള്ള പഴച്ചാറുകളാവില്ല. ഈ കൃത്രിമ പാനീയങ്ങള്‍ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. ഇവയില്‍ ആസിഡിന്റെ അളവ് കൂടുതലുണ്ടാകും. കൂടാതെ, പഞ്ചസാരയുടെ ഉപയോഗവും കൂടും. ഇത് നമ്മുടെ ദഹനപ്രക്രിയയ്ക്ക് ദോഷം ചെയ്യും. എന്നാല്‍ പഴങ്ങളിലും പച്ചക്കറികളിലും അവ വളരുന്ന മണ്ണിലും വായുവിലും അടങ്ങിയിരിക്കുന്ന ആഴ്‌സനിക് പോലുള്ള വസ്തുക്കള്‍ അപകടകരമല്ലാത്ത വിധത്തില്‍ കാണാറുണ്ടെന്നാണ് ഒരു ജ്യൂസ് കമ്പനിയുടെ പ്രതിനിധി പ്രതികരിച്ചത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളിലൊന്നാണ് ജ്യൂസുകള്‍. എളുപ്പത്തില്‍ ദഹിക്കുമെന്നതും പഴങ്ങളും പച്ചക്കറികളും അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നതുമാണ് ജ്യൂസ് നല്‍കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ ഓര്‍ഗാനിക് ആയ ആഴ്‌സനിക് ശരീരത്തില്‍ ചേരുന്നത് കാന്‍സര്‍ രോഗത്തിലെത്തിക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആഴ്‌സനിക് ശരീരത്തിലെത്തിയാല്‍ ഹൃദ്രോഹം, പ്രമേഹം, വളര്‍ച്ചാ പ്രശ്‌നങ്ങള്‍, നാഡീവ്യൂഹ തകരാറുകള്‍, ശ്വാസ കോശ-മൂത്രാശയ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവയാണ് തേടിയെത്തുക. മെര്‍ക്കുറിയുടേയോ ലെഡിന്റെയോ അംശം കുഞ്ഞുങ്ങളുടെ വളര്‍ച്ച തകരാറിലാക്കും. പ്രായ പൂര്‍ത്തിയായവരില്‍ വിഷാദം, ഇന്‍സോമാനിയ, തലവേദന എന്നിവയ്ക്കും കാരണമാവും.

പെറ്റ് ബോട്ടിലുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഇത്തരം പാനീയങ്ങളിലെ രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിച്ച് പുറന്തള്ളുന്ന ബിസിഫിനോള്‍ എ, ഡൈ ഈതര്‍ ഹെക്സൈല്‍ താലേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ സ്ത്രീകള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കും. വിഷരാസവസ്തുക്കള്‍ ഹോര്‍മോണ്‍ സംവിധാനത്തെയാകെ തകരാറിലാക്കുകയാണു ചെയ്യുന്നത്. ഇത്തരം രാസവസ്തുക്കള്‍ വന്ധ്യതയ്ക്കും ഗര്‍ഭഛിദ്രത്തിനും ഇടയാക്കുമെന്നും പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയ രോഗങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് ഭാരം കുറയല്‍, കുട്ടികള്‍ക്കു ജനിതകവൈകല്യം എന്നിവയ്ക്കും ഇത് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫ്രഷ് ജ്യൂസും അപകടകാരികളോ?

കൊളസ്‌ട്രോളിനും ബ്ലഡ് പ്ലഷറിനും എന്ന് പറയുന്ന ഇരുമ്പന്‍പുളി ഫ്രഷ് ജ്യൂസിന്റെ കാര്യമെടുക്കാം. ഇതിലെ ഓക്‌സാലിക് ആസിഡാണ് അപകടകാരി. 15നും 30നും ഇടയിലുള്ള ഇരുമ്പന്‍ പുളികളാണ് ഒരു ജ്യൂസില്‍ ഇടാന്‍ പാടുള്ളു. ഇതിന്റെ എണ്ണം കൂടുന്നത് അമിതമായ കാല്‍സ്യം ഓക്‌സലൈറ്റ് മനുഷ്യ ശരീരത്തിലെ വൃക്കകളിലെത്തുകയും അക്യൂട്ട് ഓക്‌സലേറ്റ് നെഫ്രെ പതി എന്ന രോഗാവസ്ഥ വൃക്കകള്‍ക്ക് ഉണ്ടാക്കുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിത അളവില്‍ കാല്‍സ്യം ഓക്‌സലൈറ്റ് വൃക്കകളിലെത്തുകയും രക്തശുദ്ധീകരണം നടത്തുന്ന വൃക്കനാളികളിലെ കോശങ്ങള്‍ക്ക് ആസിഡുമൂലം കേടുവരികയും രക്തത്തിലൂടെ വരുന്ന വേസ്റ്റ് ഇവിടെ അരിക്കപ്പെടാതെ വീണ്ടും ശുദ്ധരക്തത്തില്‍ കലരുകയും ചെയ്യുന്നു. ഫലത്തില്‍ വൃക്കകളുടെ പ്രവര്‍ത്തനം തകര്‍ന്ന് രോഗി അപകടത്തിലാകുന്നു.

വളരെ പെട്ടെന്ന് വൃക്കകള്‍ തകരാറിലായി ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളുടെ രോഗകാരണം കണ്ടെത്താനുള്ള നെഫ്രോളജിസ്റ്റുകളുടെ ശ്രമഫലമായാണ് ഇത്തരം ജ്യൂസുകള്‍ മാരകമാണെന്ന് പുറം ലോകമറിയുന്നത്.

എന്തുണ്ട് പരിഹാരം?

പാക്കറ്റ് ജ്യൂസുകളോടും ശീതളപാനിയങ്ങളോടും നോ പറയുക.

പഴങ്ങളും പച്ചക്കറികളും അങ്ങനെ തന്നെ കഴിക്കാന്‍ ശ്രമിക്കുക, വീട്ടില്‍ കൃഷി ചെയ്യുന്നവ ഉപയോഗിക്കുക.

ജ്യൂസ് വേണമെങ്കില്‍ നാടന്‍ പഴങ്ങള്‍ കൊണ്ടുള്ളത് വീട്ടിലുണ്ടാക്കി കഴിക്കാം.

ലസ്സി, സംഭാരം, കരിക്കിന്‍ വെള്ളം തുടങ്ങിയ പ്രകൃതിദത്തമായവ കുടിക്കുക

നാരങ്ങാവെള്ളം, സര്‍ബത്തുകള്‍, പാനകങ്ങള്‍, കൂവപ്പൊടി കലക്കിയ വെള്ളം ഇവയും ദാഹശമനത്തിനായി ഉപയോഗിക്കുക.

ജ്യൂസ് കുടിച്ചാല്‍ വായ കഴുകുന്നത് ശീലമാക്കാം, ദന്തക്ഷയം പരിഹരിക്കുന്നതിനാണിത്.

Read More >>