കാവേരിയില്‍ കൈ പൊള്ളി സൂപ്പര്‍ സ്റ്റാര്‍; കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം

Published On: 2018-05-29 11:15:00.0
കാവേരിയില്‍ കൈ പൊള്ളി സൂപ്പര്‍ സ്റ്റാര്‍; കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം

ബംഗളൂരു: തമിഴ് സുപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ 'കാലാ' പ്രദര്‍ശിപ്പിക്കുന്നതിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധം കനക്കുന്നു. നേരത്തേ കാവേരി നദീജല പ്രശ്‌നത്തില്‍ താരം ഇടപെട്ടതിനെ തുടര്‍ന്നാണ് രജനി സിനിമയുടെ പ്രദര്‍ശനത്തിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

'കാലാ' സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് നിരവധി കന്നഡിക സംഘടനകള്‍ കത്തയച്ചതായി കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാ.രാ ഗോവിന്ദ് പറഞ്ഞു. കാവേരി വിഷയത്തില്‍ രജിനികാന്തിന്റെ പ്രസ്താവന കന്നഡികന്മാരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സിനിമ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എഫ്.സി.സി യുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക തീരുമാനം വ്യാഴായ്ച ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം രാജമൗലിയുടെ ബാഹുബലി-2 നെതിരെയും കര്‍ണാടകയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കാവേരി വിഷയത്തില്‍ ഇടപെട്ട അഭിനേതാവ് സത്യരാജ് മാപ്പ് പറയണം എന്ന ആവശ്യമുയര്‍ത്തിക്കൊണ്ടായിരുന്നു ഇത്. കമലഹാസന്‍ ചിത്രങ്ങള്‍ക്കെതിരെയും വിവിധ കന്നഡിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ ജൂണ്‍ ഏഴിന് ലോകമെമ്പാടും പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. തിങ്കളാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ 12 മണിക്കൂറിനുള്ളില്‍ ഇരുപത് ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.


Top Stories
Share it
Top