വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്  പ്രവര്‍ത്തകര്‍ അമ്മ യോഗത്തിന് എത്തിയില്ല

Published On: 2018-06-24 07:30:00.0
വുമണ്‍ ഇന്‍ സിനിമാ കലക്ടീവ്  പ്രവര്‍ത്തകര്‍ അമ്മ യോഗത്തിന് എത്തിയില്ല

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നിന്നും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നു. മഞ്ജു വാര്യര്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പാര്‍വ്വതി എന്നിവരുടെ അസാന്നിദ്ധ്യത്തിലാണ് യോഗം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷമുള്ള രണ്ടാമത്തെ ജനറല്‍ ബോഡി യോഗമാണിത്.

കഴിഞ്ഞ തവണത്തെ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് യോഗത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. യോഗ ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. യോഗം അമ്മയുടെ ഫെയ്‌സ്ബുക്ക് പേജ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഇന്നത്തെ യോഗത്തില്‍ മോഹന്‍ലാലിനെ അമ്മയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നാണ് വിവരം. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് പാര്‍ലമെന്റംഗമെന്ന നിലയില്‍ തിരക്കുള്ളതിനാല്‍ സ്ഥാനത്ത് തുടരില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ട ദിലീപിന്റെ തിരിച്ചു വരവ് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ചയുണ്ടായെങ്കിലും തീരുമാനം ജനറല്‍ ബോഡിക്ക് വിടാനായിരുന്നു തീരുമാനം.

Top Stories
Share it
Top