ഇന്ത്യയിലെ ന്യൂനപക്ഷം ഭീതിയിലെന്ന് അരുന്ധതി റോയ് ; മോദി ഭരണകൂടം ആളുകളെ തല്ലിക്കൊല്ലുന്നു
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയ്. ബി ബി സിയുടെ ന്യൂസ് നൈറ്റ്...
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയും ബുക്കർ സമ്മാന ജേതാവുമായ അരുന്ധതി റോയ്. ബി ബി സിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ 'ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' എന്ന തന്റെ പുസ്തകത്തെ കുറിച്ച് സംസാരിക്കവേയാണ് റോയ് മോദിയെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ചത്. 'മോദിയുടെ ആരാധികയല്ലെന്ന് താങ്കള്‍ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ, താങ്കൾ പറയുന്നതുപോലെ മോദി അത്ര മോശക്കാരനാണോ' എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അരുന്ധതിയുടെ മറുപടി.
ബിജെപി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് ക്രമസമാധാനം തകർന്നെന്നും നീതിപീഠ സംവിധാനങ്ങളെല്ലാം സംഘപരിവാറിന്റെ നിയന്ത്രണത്തിലായെന്നും അവർ പറഞ്ഞു. മോദി ഭരണത്തിൻ കീഴിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങൾ വേട്ടയാടപ്പെടുകയാണ്. ആളുകളെ തെരുവിലിട്ട് തല്ലിക്കൊല്ലുന്നു. മാംസ വില്പന, തുകൽ-കൈത്തറി മേഖലയിലുള്ളവർക്ക് ഇപ്പോൾ ആ ജോലി ചെയ്യാനാവുന്നില്ല. ഇന്ത്യയില്‍ ഇന്ന് നടക്കുന്ന അതിക്രമങ്ങള്‍ അത്രമേല്‍ ഭീതിജനകമാണെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. മറ്റു മതസ്ഥരെല്ലാം രണ്ടാം തരക്കാരായി മാറ്റിനിർത്തപ്പെടുകയാണെന്നും അരുന്ധതി പറഞ്ഞു.
കാശ്മീരില്‍ പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വാര്‍ത്ത നമ്മള് കേട്ടതാണ്. എന്നാല്‍ അവിടെ പ്രതിക്ക് പിന്തുണയുമായി സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് മാര്‍ച്ച് നടത്തിയത്. ഇത് ഒരുപക്ഷേ കേസിന്റെ വിചാരണയെത്തന്നെ പ്രതികൂലമായി ബാധിക്കാം, ഭയപ്പെടുത്തും വിധമാണ് രാജ്യത്ത് വർഗീയ ധ്രുവീകരണം നടക്കുന്നതെന്നും അവർ പറഞ്ഞു.
ലോകത്തെ മറ്റ് ദേശീയവാദികളേക്കാൾ മോശമാണോ മോദി എന്ന ചോദ്യത്തിന് റോയുടെ മറുപടി ഇങ്ങനെയായിരുന്നു- ട്രംപ് ഒരു നിയന്ത്രണവും ഇല്ലാത്ത വ്യക്തിയാണ്. അതിനാൽ എല്ലാവരും അസ്വസ്ഥരാണ്. മാധ്യമങ്ങളും ജുഡീഷ്യറിയും സൈന്യവുമെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അദ്ദേഹത്തെ സഹിക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണ്.
എന്നാല്‍ ഇന്ത്യയിലെ അവസ്ഥ അതല്ല. ഇന്ത്യയിലെ പരമോന്നത സ്ഥാപനങ്ങളെല്ലാം ഇവര്‍ക്ക് കീഴിലാണ്. ഇന്ത്യയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ചീഫ് ജസ്റ്റിസിന് എതിരെ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിക്ക് മുമ്പില്‍ പത്രസമ്മേളനം നടത്തി. ജനാധിപത്യം അപകടത്തിലാണെന്നായിരുന്നു അവര്‍ പറഞ്ഞത്. അസാധാരണമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും കോടതിയെ വരെ ബിജെപി വിലക്കെടുത്തെന്നും അരുന്ധതി പറഞ്ഞു.