ബഷീറിന്റെ സാറാമ്മ-കേശവന്‍നായര്‍, സുഹറ-മജീദ് പ്രണയജോടികള്‍ അരങ്ങിലെത്തുന്നു

Published On: 2018-06-25 07:30:00.0
ബഷീറിന്റെ സാറാമ്മ-കേശവന്‍നായര്‍, സുഹറ-മജീദ് പ്രണയജോടികള്‍ അരങ്ങിലെത്തുന്നു

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയില്‍ വിരിഞ്ഞ പ്രണയജോടികളായ സാറാമ്മയും കേശവന്‍നായരും മജീദും സുഹറയുമെല്ലാം അരങ്ങിലെത്തുന്നു. കോഴിക്കോട് നവചേതന ഒരുക്കുന്ന 'നയാപൈസ' എന്ന നാടകത്തിലൂടെയാണ് ഈ അനശ്വര കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്നത്.

ബഷീറിന്റെ പ്രേമലേഖനം, മുച്ചീട്ട് കളിക്കാരന്റെ മകള്‍, ബാല്യകാലസഖി, തങ്കം എന്നീ വിഖ്യാതമായ പ്രണയകഥകളെ കോര്‍ത്തിണക്കി തയ്യാറാക്കുന്ന നാടകം സംവിധാനം ചെയ്യുന്നത് മനോജ് നാരായണനാണ്. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ജൂലൈ അവസാനത്തോടെ വേദിയിലെത്തും. കേരളത്തിലുടനീളം അവതരിപ്പിക്കാനാണ് അണിയറക്കാരുടെ പദ്ധതി.

നര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത് സമകാലിക സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഗ്രാമത്തിന്റെ കഥ പറയുന്നതായിരിക്കും നാടകമെന്ന് കേശവന്‍ നായരുടെ വേഷം ചെയ്യുന്ന മധു ബേഡകം പറഞ്ഞു. പ്രണയം, ജാതി, സ്ത്രീശാക്തീകരണം, മതമൈത്രി തുടങ്ങിയ വിഷയങ്ങള്‍ നാടകം കൈകാര്യം ചെയ്യുന്നുണ്ടെന്ന് സാറാമ്മയുടെ വേഷം വേദിയിലെത്തിക്കുന്ന ഉഷാചന്ദ്രബാബു പറയുന്നു.

നാടകം സംവിധാനം ചെയ്യുന്നത് മനോജ് നാരായണനാണ്. സുരേഷ്ബാബു ശ്രീസ്ഥയാണ് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. കരിവെള്ളൂര്‍ മുരളിയാണ് ഗാനരചയിതാവ്. ലക്ഷ്മി കോടേരിച്ചാല്‍, കാവ്യ, ചെമ്പ്ര ശിവദാസന്‍, ബിജു രാജഗിരി, സുനില്‍ കൂമുള്ളി, രമേശ് പയ്യോളി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Top Stories
Share it
Top