ലോകകാര്യങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളാനുള്ള ബോധം മലയാളിക്കുണ്ട് - സി വി ബാലകൃഷ്ണന്‍

Published On: 2018-07-01 12:30:00.0
ലോകകാര്യങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളാനുള്ള ബോധം മലയാളിക്കുണ്ട് - സി വി ബാലകൃഷ്ണന്‍

കോഴിക്കോട്: ലോകകാര്യങ്ങളെ സമഗ്രമായി ഉള്‍ക്കൊള്ളാനുള്ള ബോധം മലയാളികള്‍ക്കുണ്ടെന്നും അതിന്റെ ഉദാഹരണമായിരുന്നു പ്രശ്സ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് കേരളത്തില്‍ വന്നപ്പോള്‍ ലഭിച്ച സ്വീകാര്യതയെന്നും പ്രമുഖ എഴുത്തുകാരനായ സി വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഫോട്ടോഗ്രഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാര്‍ക്ക് ഭാഷയുടെ പരിമിതിയെ നേരിടേണ്ടതുണ്ട്. എന്നാല്‍ ഫോട്ടോഗ്രഫി ഭാഷയുടെ പരിമിതിയില്ലാതെ ലോകമെങ്ങുമുള്ള ആളുകളുമായും ആശയവിനിമയം നടത്താന്‍ ശേഷിയുള്ള മാധ്യമമാണ്, അദ്ദേഹം പറഞ്ഞു. കാര്‍ട്ടൂണുകള്‍ക്ക് തീക്ഷണമായ പ്രതികരണങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നും അധികാരികളെ നിരന്തരം ചോദ്യം ചെയ്യുന്നവയായിരുന്നു ഇന്ത്യയിലെ കാര്‍ട്ടൂണുകളെന്നും സി വി ബാലകൃഷ്ണന്‍ പറഞ്ഞു.

2015-16 വര്‍ഷം നടക്കേണ്ട പ്രദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു. പല കാരണങ്ങളാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ പോകുകയായരുന്നു. 2015-16 വര്‍ഷത്തെ പ്രദര്‍ശനം ജൂലൈ ഏഴുവരെ നടക്കുമെന്നും 2016-17 വര്‍ഷത്തെ പ്രദര്‍ശനം ജൂലൈ 10 മുതല്‍ 17 വരെയും 2017-18 വര്‍ഷത്തേത് ജൂലൈ 28 മുതല്‍ ആഗസ്റ്റ് മൂന്ന് വരെയും ലളിതകലാ അക്കാദമിയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ പി മുസ്തഫ, ലളിതകലാ അക്കാദമി അംഗം പി വി ബാലന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.


Top Stories
Share it
Top