ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം, സ്ത്രീ വിരുദ്ധമെന്ന് ഡബ്ല്യു.സി.സി 

Published On: 2018-06-25 08:30:00.0
ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം, സ്ത്രീ വിരുദ്ധമെന്ന് ഡബ്ല്യു.സി.സി 

കൊച്ചി : നടിയെ അക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം സ്ത്രീ വിരുദ്ധമെന്ന് വുമണ്‍ ഇന്‍ സിനിമ കലക്ടീവ്. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ഡബ്ല്യു.സി.സിയുടെ പ്രതികരണം.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായരിക്കുന്നതെന്ന് ഡബ്ല്യു.സി.സി ചോദിക്കുന്നു. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ, അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ഡബ്ല്യു.സി.സി ചോദിക്കുന്നു.

ഇന്നലെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗമാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ദിലീപിന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്നും കുറ്റം ചെയ്തവന് തന്റെ ഭാഗം ന്യായീകരിക്കാന്‍ അനുവദിച്ചില്ലെന്നുമുള്ള താരങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ദിലീപിനെ അമ്മയിലേക്ക് മടക്കികൊണ്ടുവരാന്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ദിലീപിനെ അമ്മ പുറത്താക്കിയത്.


ഡബ്ല്യു.സി.സിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതായി വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കില്‍

വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ചില കാര്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു.

1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?

2. സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?

3. ബലാല്‍സംഗം പോലുള്ള ഒരു കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?

4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?

5. ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങള്‍ ചെയ്യുന്നത്?

6. ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക?

7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?

നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഡബ്ല്യു.സി.സി അവള്‍ക്കൊപ്പം.

Top Stories
Share it
Top