ദേശീയ ചലചിത്ര പുരസ്‌ക്കാരം;ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ഫാസില്‍ ഡല്‍ഹി വിട്ടു 

Published On: 2018-05-03 11:30:00.0
ദേശീയ ചലചിത്ര പുരസ്‌ക്കാരം;ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ഫാസില്‍ ഡല്‍ഹി വിട്ടു 

ന്യൂഡല്‍ഹി:ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാതെ നടന്‍ ഫഹദ് ഫാസില്‍ ഡല്‍ഹി വിട്ടു. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഫഹദ് ഫാസില്‍. ചടങ്ങ് നടക്കുന്ന വേദിക്ക് പുറത്ത് നിരവധി താരങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. പ്രതിഷേധം ശക്തമായതോടെ ഇവരെ പുറത്താക്കി.പ്രതിഷേധങ്ങള്‍ക്കിടയിലും ഡല്‍ഹിയില്‍ പുരസ്‌ക്കാര വിതരണം പുരോഗമിക്കുകയാണ്.ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് പുരസ്‌ക്കാര സമര്‍പ്പണം നടക്കുന്നത്.

ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ 11 എണ്ണം മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അവാര്‍ഡ് സ്വീകരിക്കുന്നതില്‍ നിന്നും താരം വിട്ടുനിന്നത്.11 പുരസ്‌ക്കാരങ്ങള്‍ക്ക് ശേഷം ബാക്കിയുള്ള പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നായിരുന്നു അറിയിച്ചത്. പാര്‍വ്വതി മേനോന്‍ ഉള്‍പ്പടെ മലയാളത്തില്‍ നിന്നുള്ള നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധത്തിലാണ്. അതേസമയം യേശുദാസും സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

അവാര്‍ഡ് വിതരണത്തിലെ എതിര്‍പ്പ് കാരണം നിരവധി പുരസ്‌ക്കാര ജേതാക്കള്‍ പ്രതിഷേധത്തിലാണ്. മുഴുവന്‍ പുരസ്‌ക്കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന നിലപാടിലാണ് ഫഹദ് ഫാസില്‍ അടക്കമുള്ള നിരവധി താരങ്ങള്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌ക്കാരമായിരുന്നു ഫഹദ് ഫാസിലിന് ലഭിച്ചത്.

Top Stories
Share it
Top