ഗപ്പിക്ക് ശേഷം അമ്പിളിയുമായി ജോണ്‍പോള്‍; സൗബിന്‍ നായകന്‍

Published On: 2018-04-15 03:45:00.0
ഗപ്പിക്ക് ശേഷം അമ്പിളിയുമായി ജോണ്‍പോള്‍; സൗബിന്‍ നായകന്‍

റോഡ് മുവീയുമായി ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ്. സുഡാനി ഫ്രം നൈജീരിയ്ക്ക് പിന്നാലെ നായകനിരയിലേക്ക് ഉയര്‍ന്ന സൗബിന്‍ ഷാഹിറാണ് അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകന്‍. ടൈറ്റില്‍ റോളിലാണ് സൗബിന്‍. നസ്‌റിയാ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. പുതുമുഖം തന്‍വി റാം ആണ് നായിക. ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലെത്തും.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറഞ്ഞ ഗപ്പി തിയറ്ററിലെത്തി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോണ്‍പോളിന്റെ പുതിയ ചിത്രം ഒരുങ്ങുന്നത്. അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഗപ്പിയിലൂടെയാണ് ടൊവിനോ തോമസ് നായകതാരമായി മാറുന്നത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം ആരാധകര്‍ മുന്‍കയ്യെടുത്ത് ഗപ്പി റീ റിലീസ് ചെയ്തിരുന്നു. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് ഛായാഗ്രാഹകന്‍. റിലീസിന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകസ്വീകാര്യത നഷ്ടമാകാത്ത ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെ സംഗീത സംവിധായകന്‍. ഗപ്പിയിലെ പാട്ടുകള്‍ക്ക് വിഷ്ണുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ എഡിറ്ററായിരുന്ന കിരണ്‍ ദാസ് ആണ് എഡിറ്റര്‍. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെ കെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Top Stories
Share it
Top