‘കൈനീട്ടം‘ തിരിച്ചെടുത്ത് കമല്‍ ; ദിലീപ് വിഷയത്തില്‍ മിണ്ടില്ല 

Published On: 2018-07-02 14:30:00.0
‘കൈനീട്ടം‘ തിരിച്ചെടുത്ത് കമല്‍ ; ദിലീപ് വിഷയത്തില്‍ മിണ്ടില്ല 

തിരുവനന്തപുരം: അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ കൈനീട്ടവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമല്‍. മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമമുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അക്കാദമി ചെയര്‍മാന്‍ എന്ന രീതിയിലല്ല പ്രതികരിച്ചത്. അമ്മയിൽനിന്നു രാജിവച്ച നടിമാര്‍ക്കു പിന്തുണ നല്‍കുന്നു. പക്ഷേ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതികരിക്കുന്നില്ലെന്നും അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും കമല്‍ പറഞ്ഞു.

മുതിർന്ന അഭിനേതാക്കളായുള്ള മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍ എന്നിവരാണ് കമലിനെതിരെ രംഗത്തെത്തിയിരുന്നത്. 'അമ്മ'യുടെ കൈനീട്ടം വാങ്ങുന്നതിനെ പരിഹസിച്ചതിനെതിരെയായിരുന്നു ഇവരുടെ നിലപാട്. അവകാശത്തെ ഔദാര്യമായി കാണുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കൈനീട്ടം ഒൗദാര്യമല്ല സ്നേഹസ്പര്‍ശമെന്നും കാട്ടി ഇവർ മന്ത്രി എകെ ബാലന് കത്തയച്ചിരുന്നു.

500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേര്‍ മാത്രമേ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം.

Top Stories
Share it
Top