വീണ്ടും മികച്ച നടനായി ഫഹദ്, നടിയായി മഞ്ജു വാര്യര്‍; കൂടെ മാത്തനും അപ്പുവും

Published On: 2018-04-21 15:30:00.0
വീണ്ടും മികച്ച നടനായി ഫഹദ്, നടിയായി മഞ്ജു വാര്യര്‍; കൂടെ മാത്തനും അപ്പുവും

കൊച്ചി: അവാര്‍ഡുകള്‍ വാരികൂട്ടുകയാണ് മലയാളിയുടെ ഇഷ്ടതാരമായ ഫഹദ് ഫാസില്‍. കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച നടനുള്ള അവാര്‍ഡ് 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയിലെ അഭിനയത്തിലൂടെ ഫഹദ് സ്വന്തമാക്കി. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ഫഹദ് നേടിയിരുന്നു. 'ഉദാഹരണം സുജാത', 'കെയര്‍ ഓഫ് സൈറ ബാനു' എന്നീ സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് മഞ്ജു വാര്യര്‍ സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള അവാര്‍ഡ് 'ഭയാനക'ത്തിലൂടെ ജയരാജ് സ്വന്തമാക്കി. മികച്ച സിനിമയായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' തിരഞ്ഞെടുക്കപെട്ടു. ഇതേ സിനിമയുടെ തിരക്കഥ തയ്യാറാക്കിയ സജീവ് പഴവൂരിനാണ് മികച്ച തിരക്കഥകൃത്തിനുള്ള അവാര്‍ഡ്.

'മായാനദി'യിലേയും 'തരംഗ'ത്തിലേയും പ്രകടനം ടോവിനോ തോമസിനെ മികച്ച രണ്ടാമത്തെ നടനാക്കി. മായനദിയിലെ പ്രകടനത്തിലുടെ മലയാളികളുടെ മനസില്‍ കയറിപറ്റിയ ഐശ്വര്യ ലക്ഷമിയാണ് മികച്ച രണ്ടാമത്തെ നടി.

പ്രസിഡന്റ് ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തെക്കിന്‍കാട് ജോസഫും ചേര്‍ന്നാണ് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 41ാമത്തെ അവാര്‍ഡ് പ്രഖ്യാപിച്ചത്. സെപ്റ്റബറില്‍ എര്‍ണാകുളത്ത് നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Top Stories
Share it
Top