കൊച്ചിയില്‍ ചിത്രാഞ്ജലിയുടെ ഉപകേന്ദ്രം പരിഗണനയിലെന്ന് കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ

Published On: 2018-06-11 13:30:00.0
കൊച്ചിയില്‍ ചിത്രാഞ്ജലിയുടെ ഉപകേന്ദ്രം പരിഗണനയിലെന്ന് കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ

കൊച്ചി: സംസ്ഥാനത്ത് സിനിമാ നിര്‍മ്മാണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍. ഫ്‌ളോര്‍, ഡബ്ബിങ് സ്റ്റുഡിയോ, പ്രി-മിക്‌സിങ്, എഡിറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഉപകേന്ദ്രം തുടങ്ങാനാണ് ആലോചന. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 42 ഏക്കര്‍ സ്ഥലത്ത് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍ദേശിക്കണമെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. കെഎസ്എഫ്ഡിസി ഫിലിംസിറ്റി പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കുന്നതിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കിഫ്ബി പി ഫണ്ടില്‍ നിന്നും 150 കോടി രൂപ ഫിലിം സിറ്റി പദ്ധതിയ്ക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്.

ചിത്രാഞ്ജലി നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കണമെന്നും മറ്റ് സ്റ്റുഡിയോകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ സൗകര്യങ്ങള്‍ ന‍ൽകണമെന്നും നിര്‍മാതാക്കളായ സുരേഷ്‌കുമാറും രഞ്ജിത്തും പറഞ്ഞു. ഡിജിറ്റല്‍ വിപ്ലവത്തില്‍ നമ്മുടെ സിനിമകള്‍ നശിക്കരുത്. ഇതിനായി വെബ് സ്ട്രീമിങ് സൗകര്യങ്ങൾ കെ എസ്എഫ്ഡിസി ആരംഭിക്കണമെന്നും സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞു. കെഎസ്എഫ്ഡിസി മുന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍, ചലച്ചിത്രസംവിധായകരായ ബാലചന്ദ്രമേനോന്‍, വേണു ബി നായര്‍ തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖർ യോഗത്തില്‍ പങ്കെടുത്തു.

Top Stories
Share it
Top