മീശയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; നിരോധിക്കണമെന്ന് ആവശ്യം

Published On: 2018-08-01 04:30:00.0
മീശയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി;  നിരോധിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ നോവല്‍ മീശയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളിയായ രാധാകൃഷ്ണന്‍ വരേണിക്കലാണ് ഹർജി നല്‍കിയത്. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു എന്നാല്‍ ഹര്‍ജി നാളെ പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനച്ചു. പുസ്തകം നിരോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുകയായിരുന്ന എസ്. ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ആഴ്ചപതിപ്പില്‍ നിന്നും പിൻവലിച്ചിരുന്നു. തുടര്‍ന്ന് ഡി.സി ബുക്‌സ നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്നലെ മുതല്‍ തന്നെ പുസ്തകം ഡി.സി ബുക്സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറിലും ഡി.സി ബുക്സ് ശാഖകളിലും പുസ്തകം ലഭ്യമായിട്ടുണ്ട്.

നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞാണു വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ രംഗത്ത് വന്നത്. തുടര്‍ന്ന് എഴുത്തുകാരനെതിരെയും കുടുംബാഗങ്ങള്‍ക്കെതിരെയും ഭീഷണിയും സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണവും ആരംഭിച്ച സാഹചര്യത്തിലാണു എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചത്.

Top Stories
Share it
Top