ഭൂമിയിലിടമില്ല; ഭൂമിയുടെ അവകാശികളുടെ കഥാകാരന്

കോഴിക്കോട്: ഈ ഭൂമിയില്‍ മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും അവകാശമുണ്ടെന്ന് പഠിപ്പിച്ച കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയാന്‍...

ഭൂമിയിലിടമില്ല; ഭൂമിയുടെ അവകാശികളുടെ കഥാകാരന്

കോഴിക്കോട്: ഈ ഭൂമിയില്‍ മനുഷ്യന് മാത്രമല്ല സകല ജീവജാലങ്ങള്‍ക്കും അവകാശമുണ്ടെന്ന് പഠിപ്പിച്ച കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയാന്‍ ഒരുതുണ്ട് സ്ഥലമില്ല. വൈക്കം മുഹമ്മദ് ബഷീര്‍ മരിച്ചിട്ട് 24 വര്‍ഷം പൂര്‍ത്തിയായെങ്കിലും സ്ഥലം കണ്ടെത്തുന്നതിന് ഇതുവരെ ഒരു ധാരണയും ആയിട്ടില്ല.

ബഷീര്‍ മരിച്ച സമയത്ത് തുടങ്ങിയതാണ് പദ്ധതിയുടെ ആലോചന. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്ന എം.എ ബേബി സ്മാരകത്തിന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്ഥലം കണ്ടെത്തേണ്ട ദൗത്യം കോര്‍പ്പറേഷനെയും ഏല്‍പ്പിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ജനപ്രതിനിധികളും അന്നത്തെ ജില്ലാകളക്ടറും ബഷീറിന്റെ മകന്‍ അനീസ് ബഷീറും അംഗങ്ങളായുള്ള സ്മാരക നിര്‍മ്മാണ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.

ബഷീറിന്റെ പുസ്തകങ്ങള്‍, ലഭിച്ച പുരസ്‌കാരങ്ങള്‍, കത്തുകള്‍, കൈയ്യെഴുത്ത് പ്രതികള്‍, പ്രമുഖ എഴുത്തുകാരുമായുള്ള ഫോട്ടോകള്‍ എന്നിവ സംരക്ഷിക്കാനുള്ള സൗകര്യത്തോടുകൂടിയാണ് പദ്ധതിയുടെ രൂപകല്‍പ്പന. എഴുത്തുകാര്‍ക്ക് വന്നിരുന്ന് സാഹിത്യരചന നടത്താനുള്ള സൗകര്യവും വായനാമുറിയുമെല്ലാം ഇതോട് ചേര്‍ന്ന് ഉണ്ടാകും. എന്നാല്‍ സ്മാരകത്തിന് പല സ്ഥലങ്ങളും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചെങ്കിലും ഉചിതമായ സ്ഥലം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്മാരകമായി നിര്‍മ്മാണ കമ്മിറ്റി

സ്മാരക നിര്‍മ്മാണ കമ്മിറ്റി പുന:സംഘടിപ്പിക്കാത്തതിനാല്‍ അതും സ്മാരകമായി മാറിയ അവസ്ഥയാണ് ഇപ്പോള്‍. പുന:സംഘടിപ്പിക്കാതെ കമ്മിറ്റിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നുമില്ല. അനുവദിച്ച അമ്പത് ലക്ഷം ബാങ്കില്‍ കിടന്ന് പലിശയടക്കം ഇപ്പോള്‍ 84 ലക്ഷം ആയിട്ടുണ്ട്. 25 വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പെങ്കിലും കഥകളുടെ ബേപ്പൂര്‍ സുല്‍ത്താന് ഭൂമിയില്‍ ഒരു സ്മാരകം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വായനാ ലോകവും സുല്‍ത്താന്‍ പ്രേമികളും.

Story by
Next Story
Read More >>