തെന്നിന്ത്യന്‍ സിനിമ ഫ്രഞ്ച് സിനിമക്ക് സമാനം: റിഥി സെന്‍

സൗത്ത് ഇന്ത്യന്‍ സിനിമ ഫ്രഞ്ച് സിനിമക്ക് സമാനമെന്ന് ദേശീയ പുരസ്‌കാര ജേതാവ് റിഥി സെന്‍. അവിടത്തെ ജനങ്ങള്‍ ഇംഗ്ളീഷ് ഭാഷയെകുറിച്ച് വ്യാകുലരല്ലെന്നും...

തെന്നിന്ത്യന്‍ സിനിമ ഫ്രഞ്ച് സിനിമക്ക് സമാനം: റിഥി സെന്‍

സൗത്ത് ഇന്ത്യന്‍ സിനിമ ഫ്രഞ്ച് സിനിമക്ക് സമാനമെന്ന് ദേശീയ പുരസ്‌കാര ജേതാവ് റിഥി സെന്‍. അവിടത്തെ ജനങ്ങള്‍ ഇംഗ്ളീഷ് ഭാഷയെകുറിച്ച് വ്യാകുലരല്ലെന്നും സ്വന്തം വേരില്‍ ഉറച്ച് നിന്ന് കഥ പറയാന്‍ അവര്‍ക്കറിയാമെന്നും റിഥി പറഞ്ഞു. വ്യത്യസ്ഥ ഭാഷകളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും റിഥി പറയുന്നു.

തമിഴ് സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെ കുറിച്ച് കേട്ടറിവുണ്ട്. അവരുടെ സംസ്‌കാരം ആകര്‍ഷണീയമാണ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായെന്ന് വിശ്വസിക്കാന്‍ സാധിച്ചത് ദിവസങ്ങള്‍ക്ക് ശേഷമാണ്. സന്തോഷത്തിലുപരി പുരസ്‌കാരം സമ്മാനിക്കുന്നത് പ്രചോദനവും ഉത്തരവാദിത്വബോധവുമാണ്. ദേശീയ പുരസ്‌കാരം ലഭിച്ചതുകൊണ്ട് മാത്രം ജനങ്ങള്‍ നാളെ ഓര്‍ക്കില്ലെന്ന് ബോധ്യമുണ്ട്. ഏറ്റവുമധികം മത്സരിക്കേണ്ടി വരുന്നത് തന്റെ തന്നെ ആശയങ്ങളോടും ചിന്തകളോടുമാണെന്നും അദ്ദേഹം പറഞ്ഞു.

വുഡി അലെന്‍ ചിത്രങ്ങളുടെ ആരാധകനാണ് റിഥി. സിനിമയില്‍ തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന സമയത്തിലുപരിയായി കഥാപാത്രത്തിന് തിരക്കഥയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനമാണ് റിഥിയെ ആകര്‍ഷിക്കുന്ന ഘടകം. നാല് തവണ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ കൗശിക് ഗാംഗുലി സംവിധാനം നിര്‍വഹിക്കുന്ന 'നഗര്‍ കീര്‍ത്തന്‍' ആണ് റിഥി സെന്നിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഓടക്കുഴല്‍ കലാകാരനു ട്രാന്‍സ്വുമണും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രാന്‍സ് വുമണായാണ് റിഥി വേഷമിടുന്നത്. നല്ല അഭിനേതാവിന് വേണ്ടത് തികഞ്ഞ നിരീക്ഷണപാടവമാണെന്നാണ് റിഥിയുടെ അഭിപ്രായം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി അമ്മയും സഹോദരിയും വര്‍ത്തമാനം പറയുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതികള്‍ വരെ നിരീക്ഷിച്ചു. ശരീരം കൂടുതല്‍ മൃദുലമാക്കുന്നതിനും കാഴ്ചയിലെ പുരുഷത്വം ഇല്ലാതാക്കാനും ശ്രമിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ സമുദായത്തിലെ പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യുന്ന ചിത്രം ആനുകാലികസമുദായത്തില്‍ എറെ ചര്‍ച്ച ചെയ്യപ്പെടുമെന്നും റിഥി പറഞ്ഞു.

Story by
Next Story