സൈനയാകാനൊരുങ്ങി ശ്രദ്ധ

Published On: 2018-06-21 06:45:00.0
സൈനയാകാനൊരുങ്ങി ശ്രദ്ധ

ബോളിവുഡ് യുവതാരം ശ്രദ്ധ കപൂര്‍ ഇന്ത്യന്‍ കോച്ച് പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തില്‍ അതിതീവ്ര ബാഡ്മിന്റണ്‍ പരിശീലനത്തില്‍. ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സൈനയായി അഭിനയിക്കാനാണ് ശ്രദ്ധയുടെ ബാഡ്മിന്റണ്‍ പഠനം. നാടകപ്രവര്‍ത്തകനും നടനും സംവിധായകനുമായ അമോല്‍ ഗുപ്തയാണ് സംവിധാനം.

പൃഥ്വിരാജ് ചിത്രം ഉറുമിയടക്കം നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമോല്‍ ഗുപ്തയുടെ സൈന ചിത്രം രണ്ടരവര്‍ഷംമുമ്പാണ് പ്രഖ്യാപിച്ചത്. ശ്രദ്ധ കപൂറിന്റെ തിരക്കുകാരണം ചിത്രീകരണം നീണ്ടുപോയി. മറ്റു തിരക്കുകള്‍ ഒഴിവാക്കി ശ്രദ്ധ ഇപ്പോള്‍ സൈനയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ബോളിവുഡ് താരം ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ആഷിഖി ടുവിലെ ഗായികാവേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഷാഹിദ് കപൂറിന്റെ ബാട്ടി ഗുല്‍ മീറ്റര്‍ ചാലു, രാജ്കുമാര്‍ റാവുവിന്റെ ഹൊറര്‍ ചിത്രം സ്ത്രീ, ബാഹുബലി താരം പ്രഭാസിന്റെ അടുത്തചിത്രം സാഹോ എന്നിവയിലും ശ്രദ്ധയാണ് നായിക


Top Stories
Share it
Top