ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകം: മുന്‍ എസിപി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് അപകട മരണമല്ലെന്നും അത് ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഡല്‍ഹി പോലീസ് മുന്‍ എസിപി വേദ് ഭൂഷണ്. പോലീസില്‍...
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് അപകട മരണമല്ലെന്നും അത് ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഡല്‍ഹി പോലീസ്
മുന്‍ എസിപി വേദ് ഭൂഷണ്. പോലീസില്‍ നിന്ന് വിരമിച്ച ഭൂഷണ് ഒരു കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. 'ഒരാളെ ബാത്ത് ടബ്ബിലേക്ക് തള്ളിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലാനും കുറ്റകൃത്യം നടത്തിയ തെളിവുകള്‍ നശിപ്പിച്ച് അതൊരു അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ശ്രീദേവിയുടേതൊരു ആസുത്രിതമായ കൊലപാതകം പോലെയാണ് തോന്നുന്നത്'-വേദ് ഭൂഷണ് പറഞ്ഞു. ശ്രീദേവിയുടെ മരണത്തില്‍ സുക്ഷപരിശോധനയ്ക്കായി ദുബായില്‍ പോയി തിരികെ വന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭൂഷണ്.
ദുബായിയിലെ നീതി വ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ട്, എന്നാല്‍ ശ്രീദേവിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ താന്‍ സംതൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്‍ എന്ത് സംഭവിച്ചു എന്ന് അറിയണം. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട് ഭൂഷണ് പറഞ്ഞു.
ദുബായിയിലെ ജുമെയ്റ എമിറേറ്റ്സ് ടവര്‍ സന്ദര്‍ശിച്ചെങ്കിലും ശ്രീദേവി മരിച്ച മുറി അദ്ദേഹത്തിന് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരുമുറിയില്‍ മരണം പുനരാവിഷ്ക്കരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് എന്തുകൊണ്ട് ഇത്രപെട്ടന്ന് തീര്‍പ്പാക്കിയതെന്ന് അറിയണം. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകമാണ് കേസ് റദ്ദാക്കിയതെന്നും ഭൂഷണ് പറഞ്ഞു. താനിപ്പോഴും ഈ കേസിന് പിറകെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.