കല്ല്യാണമാവുമ്പോൾ അറിയിക്കാം; ഇത് അപമാനകരം- തമന്ന ഭാട്ടിയ

Published On: 2018-07-29 06:00:00.0
കല്ല്യാണമാവുമ്പോൾ അറിയിക്കാം; ഇത് അപമാനകരം- തമന്ന ഭാട്ടിയ

ഫിലിംഡെസ്ക്ക്: സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി വരുന്ന തന്റെ വിവാഹ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ.
കഴിഞ്ഞ ദിവസങ്ങളിൽ നടിയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയാണ് താരത്തെ ചൊടിപ്പിച്ചത്. 2019ൽ തമന്ന വിവാഹിതയാവുന്നുവെന്നും അമേരിക്കയിലെ ഡോക്ടറാണ് വരൻ എന്ന തരത്തിലായിരുന്നു വാർത്തകൾ. ഇതിന് മുന്നെ നടി വിവാഹിതയാകാന്‍ തയ്യാറെടുക്കുകയാണെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നുമുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് താരം ട്വിറ്ററിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്.

ഒരു ദിവസം അതൊരു നടനാവും മറ്റൊരു ദിവസം ക്രിക്കറ്റ് താരമായി. ഇപ്പോൾ ഡോക്ടറാണ്. ഈ അപവാദങ്ങൾ കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍
വെകിളി പിടിച്ച് നടക്കുകയാണെന്ന് തോന്നലാണുണ്ടാകുക. പ്രണയത്തിലാവുക എന്നതിനോട് എനിക്ക് യോജിപ്പാണെങ്കിലും വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങലെ ഒരിക്കലും ഞാൻ പ്രോത്സാഹിപ്പിക്കില്ല. ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ ഈ നിമിഷം വരെ ഞാന്‍ സന്തോഷവതിയാണ്.

എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് ഇപ്പോൾ പ്രണയം. തുടര്‍ച്ചയായ ഷൂട്ടിങ് തിരക്കുകളുമായി ജീവിതം മുന്നോട്ടുപോകുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. ഇത് ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് നിശ്ചയമായും ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഇത്തരം ഊഹാപോഹങ്ങള്‍ക്ക് ഇടതരില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദപ്രചരണങ്ങളെല്ലാം മറ്റാരുടേയോ ഭാവനയാണ്. തമന്ന ട്വിറ്ററിൽ കുറിച്ചു.

Top Stories
Share it
Top