ദാസേട്ടന്‍; പോയ് മറയാത്ത സ്വരമാധുര്യം

Published On: 2018-04-13 09:30:00.0
ദാസേട്ടന്‍; പോയ് മറയാത്ത സ്വരമാധുര്യം

ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മലയാളത്തിന് വിഷു കൈനീട്ടങ്ങള്‍ ഏറെയാണ് സമ്മാനിച്ചത്. അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാരത്തിലെ മികച്ച ഗായകനുള്ള അംഗീകാരം മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന് നീണ്ട 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലഭിക്കുന്ന വിഷു കൈനീട്ടമാണ്.

'വിശ്വാസപൂര്‍വ്വം മന്‍സൂര്‍' എന്ന ചിത്രത്തിലെ 'പോയ് മറഞ്ഞ കാലം' എന്ന ഗാനത്തിലൂടെയാണ് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ദാസേട്ടനെ തേടിയെത്തിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എട്ടാമത്തെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ദസേട്ടന്‍ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡ് നേടിയ വ്യക്തിയാണ്.

ആറ് മലയാള ഗാനങ്ങള്‍ക്കും, ഹിന്ദി, തെലുഗു ഭാഷകളിലെ ഓരോ ഗാനങ്ങള്‍ക്കുമാണ് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ആദ്യമായി മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കുന്നത് 1972ല്‍ 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായിരുന്നു. തൊട്ടടുത്തവര്‍ഷം 'ഗായത്രി' എന്ന ചിത്രത്തിലെ ഗാനത്തിനും ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 1976 ല്‍ ഹിന്ദി ചിത്രമായ 'ചിറ്റ്‌ചോരിലൂടെ' മൂന്നാം അവാര്‍ഡ് കരസ്ഥമാക്കി. 1982ല്‍ 'മേഘസന്ദേശം' എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനും, 1987ല്‍ 'ഉണ്ണികളെ ഒരു കഥപറയാം' എന്ന ചിത്രത്തിലെ ഗാനത്തിനും, 1991ല്‍ 'ഭരതത്തിലെ' ഗാനത്തിനും,1993ല്‍ 'സോപാനത്തിലെ' ഗാനത്തിനുമാണ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയത്.

Top Stories
Share it
Top