അബ്ദുവിന്റെ 55 വര്‍ഷങ്ങള്‍

ഇന്ന് ചേറ്റുവയില്‍ പല പത്രങ്ങളുടെ വിതരണം നടത്തുന്നതും അബ്ദുക്ക തന്നെയാണ്. നേരം പുലരും മുമ്പ് അരയില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ക്യാമറയായി ഈ ലേഖകന്‍ വീട്ടില്‍ നിന്നിറങ്ങും. കിലോമീറ്ററോളം നടന്നുള്ള പത്രവിതരണത്തിനു ശേഷം വാര്‍ത്തകളുടെ ലോകത്തേക്ക് കടക്കും

അബ്ദുവിന്റെ 55 വര്‍ഷങ്ങള്‍

കെ.എം അക്ബര്‍


പേര്: വി അബ്ദു

വയസ്സ്: 73

വിദ്യാഭ്യാസം: ഒന്നാം ക്ലാസ് (ആറു മാസം)

ജോലി: മാദ്ധ്യമ പ്രവര്‍ത്തകന്‍


ചേറ്റുവ വി അബ്ദുവെന്ന അബ്ദുക്കയെ ഇങ്ങനെ പരിചയപ്പെടുത്താം. വാര്‍ത്തകള്‍ക്കായി സമര്‍പ്പിച്ച അബ്ദുവിന്റെ ജീവിതചര്യക്ക് ഒട്ടും മാറ്റം വന്നിട്ടില്ല. നേരം പുലരും മുമ്പ് അരയില്‍ സൂക്ഷിച്ച ക്യാമറയായി അബ്ദു വീട്ടില്‍ നിന്നിറങ്ങും. ആദ്യം കിലോമീറ്ററുകളോളം നടന്നുള്ള പത്രവിതരണം. പിന്നീടുള്ള നടത്തം വാര്‍ത്തകള്‍ തേടിയാണ്. ചരമങ്ങളും ഉദ്ഘാടനങ്ങളും വികസനമുരടിപ്പും കടല്‍ക്ഷോഭവും ഉല്‍സവങ്ങളുമെല്ലാം അബ്ദുവിന് വാര്‍ത്തകളാവും. തീര്‍ന്നില്ല, വാര്‍ത്തകള്‍ക്കാവശ്യമായ ഫോട്ടോകളും ക്യാമറയില്‍ പകര്‍ത്തും. അങ്ങനെ ഒന്നാം ക്ലാസ് പഠനം പോലും പൂര്‍ത്തിയാകാത്ത ഈ മനുഷ്യന്‍ വാര്‍ത്തകളിലൂടെ മാറ്റി മറിച്ചത് ഒരു നാടിന്റെ ജീവിതം തന്നേയായിരുന്നു. 55 വര്‍ഷം മുമ്പാണ് അബ്ദുവിന്റെ പത്രപ്രവര്‍ത്തന രംഗത്തേക്കുള്ള കാല്‍വെയ്പ്പ്. നാട്ടുകാരനായ അബൂബക്കര്‍ സേഠ് സമ്മാനിച്ച ഓട്ടോ ഫോക്കസ് ക്യാമറയും തൂക്കി വരുന്നതിനിടെ അബ്ദുവിന്റെ ശ്രദ്ധ പതിഞ്ഞത് ഒരു തെങ്ങിന്‍ തൈയ്യില്‍. 11 ശിഖരങ്ങളുള്ള ആ തെങ്ങിന്‍ തൈ അബ്ദുവിന്റെ കണ്ണിന് വ്യത്യസ്ത കാഴ്ചയായി. താമസിച്ചില്ല, ആ കൗതുക ചിത്രം ക്യാമറയില്‍ പകര്‍ത്തി. പിന്നെ നേരെ പോയത് തൃശൂരിലേക്ക്. നഗരത്തിലെ സ്റ്റുഡിയോയിലെത്തി ചിത്രത്തിന്റെ നിരവധി പകര്‍പ്പുകളെടുത്തു. അവ ഓരോന്നും വ്യത്യസ്തയിടങ്ങളിലുള്ള പത്രമോഫീസുകളിലെത്തിച്ചു. തിരിച്ച് വീട്ടിലെത്തിയ അബ്ദു അന്ന് രാത്രി ഉറങ്ങിയില്ല. താന്‍ പകര്‍ത്തിയ കൗതുക ചിത്രം നാളെ ഏതൊക്കെ പത്രങ്ങളില്‍ എങ്ങനെയൊക്കേയായിരിക്കും പതിഞ്ഞിട്ടുണ്ടാവുക എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. പ്രതീക്ഷകള്‍ വെറുതേയായില്ല. പിറ്റേന്ന് പുറത്തിറങ്ങിയ പത്രങ്ങളിലെല്ലാം അബ്ദുവിന്റെ കൗതുക ചിത്രം വാര്‍ത്ത സഹിതം ഇടംപിടിച്ചു. അവിടെ നിന്നാണ് ചേറ്റുവ വലിയകത്ത് തൈപറമ്പില്‍ പരേതരായ ഹൈദ്രോസുകുട്ടിയുടെയും പാത്തുകുട്ടിയുടെയും രണ്ടാമത്തെ മകനായ അബ്ദു ചേറ്റുവ സ്വന്തം ലേഖകനായത്.
പതിയെ പതിയെ ചേറ്റുവയിലേയും കടപ്പുറത്തേയും നാട്ടുവിശേഷങ്ങള്‍ അബ്ദുക്കയിലൂടെ വിവിധ പത്രത്താളുകളില്‍ അച്ചടിമഷി പുരണ്ടു. ഒരു ദിവസം പോലും അബ്ദുക്കയുടെ വാര്‍ത്തകളും ഫോട്ടോകളും പ്രസിദ്ധീകരിക്കാത്ത പത്രങ്ങളില്ലെന്നായി. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരാള്‍ കണ്ടെത്തിയ വാര്‍ത്തകള്‍ ഒരു ദേശത്തിന്റെ വികസന ഗാഥയായി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അന്ന് വി എസ് കേരളീയന്‍ 'മണപ്പുറം ടൈംസ്' എന്ന പേരില്‍ പ്രാദേശിക പത്രം നടത്തി വരികയായിരുന്നു. കേരളീയനും അബ്ദുവിലെ പത്രപ്രവര്‍ത്തകന് പ്രോല്‍സാഹനം നല്‍കി. രാമു കാര്യാട്ടും എസ് പി കടവിലും അബ്ദുവിന് ആവോളം പിന്തുണ നല്‍കി. ദേശീയപാത 17നെ ബന്ധിപ്പിക്കുന്ന ചേറ്റുവ പാലം ഇല്ലാതിരുന്ന കാലം. പാലത്തിന്റെ ആവശ്യകത മനസ്സിലാക്കിയ അബ്ദു ഒരു ദിവസം ഇതേകുറിച്ച് വാര്‍ത്ത നല്‍കി. എന്നാല്‍, കേവലം ഒരു വാര്‍ത്തയില്‍ മാത്രം ഒതുക്കാന്‍ അബ്ദു ഒരുക്കമല്ലായിരുന്നു. പാലത്തിന്റെ ആവശ്യകതയെ കുറിച്ച് ഇടതടവില്ലാതെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. വാര്‍ത്തയെഴുത്തിനൊപ്പം ഒരു പ്രതിജ്ഞയുമെടുത്തു അബ്ദു. 'ചേറ്റുവ പുഴക്ക് കുറുകെ പാലം വന്നിട്ടേ ഇനി തന്റെ താടി വടിക്കൂവെന്ന്'. അതോടെ വാര്‍ത്തയോടൊപ്പം അബ്ദുവിന്റെ താടിയും വളര്‍ന്നു. ഒടുവില്‍ ചേറ്റുവ പാലം നിര്‍മ്മിക്കാന്‍ തീരുമാനമായി. അതോടെ അബ്ദു താടിവടിച്ചു. കടലാസ് തുണ്ടുകളില്‍ ഈ ലേഖകന്‍ എഴുതി നിറച്ച വാര്‍ത്തകള്‍ ഒരു ദേശത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒടുവില്‍ പാലത്തിന്റെ ഉദ്ഘാടനം വന്നെത്തി. പിറ്റേന്ന് ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട് 'ഇത് അബ്ദുവിന്റെ പാലം' എന്നായിരുന്നു. അബ്ദുവിന് അര്‍ഹിച്ചതു തന്നേയായിരുന്നു ആ തലക്കെട്ട്.
വാര്‍ത്തയെഴുത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അബ്ദുവിന്റെ മികവ്. ഫോട്ടോ ജേര്‍ണലിസ്റ്റുകളായ അതികായന്മാരെ പോലും വിസ്മയിപ്പിച്ച നിരവധി ഫോട്ടോകള്‍ അബ്ദുക്കയുടെ ഓട്ടോഫോക്കസ് ക്യാമറ ഒപ്പിയെടുത്തു. ചേറ്റുവ പാലത്തിന്റെ കൈവരി തകര്‍ത്ത ബസ് പുഴയിലേക്ക് തൂങ്ങികിടക്കുന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആ ചിത്രം അബ്ദുവിന്റെ പേരോടുകൂടിയാണ് ഒരു പ്രമുഖ പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ മലമ്പാമ്പ് കുറുക്കനെ ചുറ്റി വിരിഞ്ഞ് വിഴുങ്ങാനൊരുങ്ങുന്ന മറ്റൊരു ചിത്രം കാഴ്ചക്കാരില്‍ ഭീതിയോടൊപ്പം കൗതുകവുമുയര്‍ത്തി. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ കടലിന്റെ സംഹാരതാണ്ഡവമാകും അബ്ദുവിന്റെ ചിത്രം. ആധുനിക സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സഞ്ചിയും സുഹൃത്ത് സമ്മാനിച്ച ഓട്ടോ ഫോക്കസ് ക്യാമറയുമായിട്ടായിരുന്നു അബ്ദുവിന്റെ കറക്കം. കുത്തിക്കുറിച്ച വാര്‍ത്തകളായിരിക്കും ആ പ്ലാസ്റ്റിക് സഞ്ചി നിറയെ. അക്കാലത്ത് മേഖലയില്‍ പൊതുപരിപാടികള്‍ ആരംഭിക്കണമെങ്കില്‍വരെ അബ്ദു എത്തണമായിരുന്നു. കാരണം, അബ്ദു എത്തിയില്ലെങ്കില്‍ ആ പരിപാടിയുടെ വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ ഇടംനേടുകയില്ലായിരുന്നു. അതുകൊണ്ടു തന്നെ പരിപാടികള്‍ക്കായി എത്തിയ പ്രമുഖരടക്കമുള്ളവര്‍ അന്ന് അബ്ദുവിനെ കാത്തു നിന്നു. കടല്‍ക്ഷോഭമായാല്‍ ഏങ്ങണ്ടിയൂരിലേയും കടപ്പുറത്തേയും കടലോര മേഖലയിലായിരിക്കും അബ്ദുവിന്റെ കറക്കം.

ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ കടലോരവാസികളുടെ വീട് അടക്കമുള്ളവ കവര്‍ന്നെടുക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്താനായിരിക്കും ആ കറക്കം. അതേസമയം കടലോരവാസികള്‍ അബ്ദുക്കയുടെ വരവും കാത്തിരിക്കുന്നുണ്ടാവും. തങ്ങളുടെ ദുരിത ജീവിതം അധികൃതര്‍ക്കു മുന്നിലെത്തിക്കാന്‍ അവര്‍ കണ്ടത് അബ്ദുവിനേയായിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിക്കാതെ അബ്ദു അവിടെയെത്തുകയും ചെയ്യും. മഴക്കാലമായാല്‍ ഗ്രാമങ്ങളിലെ വെള്ളക്കെട്ട് തേടിയായിരിക്കും അബ്ദുവിന്റെ യാത്ര. അങ്ങനെ വാര്‍ത്തകള്‍ക്കും വാര്‍ത്താ ചിത്രങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തര അന്വേഷണം അബ്ദുക്കയെ വേറിട്ടു നിര്‍ത്തി.

ഇന്ന് ചേറ്റുവയില്‍ പല പത്രങ്ങളുടെ വിതരണം നടത്തുന്നതും അബ്ദുക്ക തന്നെയാണ്. നേരം പുലരും മുമ്പ് അരയില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ക്യാമറയായി ഈ ലേഖകന്‍ വീട്ടില്‍ നിന്നിറങ്ങും. കിലോമീറ്ററോളം നടന്നുള്ള പത്രവിതരണത്തിനു ശേഷം വാര്‍ത്തകളുടെ ലോകത്തേക്ക് കടക്കും. പലപ്പോഴും രാത്രിയാകും തിരികെ ചേറ്റുവയിലെത്താന്‍. വീട്ടിലേക്ക് തിരിച്ചു പോകും വഴി ചേറ്റുവ പാലത്തിലേക്കൊന്ന് കണ്ണോടിക്കും. വഴിവിളക്കുകള്‍ പ്രകാശിക്കുന്നുണ്ടോ എന്നറിയാന്‍. പ്രകാശിക്കുന്നില്ലെങ്കില്‍ ഇരുളുമൂടിയ ചേറ്റുവ പാലം അബ്ദുവിന്റെ ക്യാമറയില്‍ പതിയും. പിറ്റേന്ന് അത് ചിത്ര സഹിതം വാര്‍ത്തയായി പത്രത്താളുകളിലിടം നേടും. ചേറ്റുവ മണപ്പുറത്തെ വികസനത്തിന്റെ രാജവീഥിയിലേക്ക് ആനയിച്ചതില്‍ അബ്ദുവിന്റെ വാര്‍ത്തകളുടെ പങ്ക് ചെറുതൊന്നുമല്ല. അമ്പതോളം പുരസ്‌കാരങ്ങളായിരുന്നു പ്രതിഫലമില്ലാത്ത ആ പത്രപ്രവര്‍ത്തനത്തിന് അബ്ദുവിന് ലഭിച്ച സമ്മാനം. കഴിഞ്ഞയാഴ്ച യുഎഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കെഎംസിസി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അബ്ദുവിന് വന്‍ ആദരവാണ് ലഭിച്ചത്. നിരവധി പ്രവാസി സംഘടനകളും അബ്ദുക്കയെ ആദരിച്ചിരുന്നു. വാട്സ്ആപ്പും ഫേസ്ബുക്കും വന്നതോടെ ഇന്ന് വീട്ടിലിരുന്ന് പത്ര പ്രവര്‍ത്തനം നടത്താമെന്നായി. എന്നിട്ടും അബ്ദുവിന് പഴയതുപോലെ നടന്നു തീരാത്ത പകലുകളാണ് ഇന്നും. പത്രങ്ങള്‍ക്ക്് ഒരു പഞ്ചായത്തില്‍ ഒന്നും രണ്ടും വരെ പ്രാദേശിക ലേഖകരുള്ള ഇക്കാലത്തു പോലും മുഴുവന്‍ മലയാള പത്രങ്ങളുടേയും ചേറ്റുവയിലെ 'സ്വന്തം ലേഖകന്‍' അബ്ദുക്കയാണ്. ഓരോ പത്രങ്ങള്‍ക്കും അവരുടെ നിലപാടുകള്‍ക്കനുസരിച്ച വാര്‍ത്തകളായിരിക്കും അബ്ദുക്ക നല്‍കുക. എന്നാല്‍, പഴയതുപോലെ പത്ര ഓഫീസുകളില്‍ നേരിട്ടെത്തിയല്ല വാര്‍ത്തകളും ഫോട്ടോകളും നല്‍കുന്നത്.

അവയെല്ലാം വാട്സ്ആപ്പ് വഴി അയച്ചു നല്‍കും. താനും ഹൈടെക്കായി എന്നാണ് ഇതേകുറിച്ചു ചോദിക്കുമ്പോള്‍ അബ്ദുക്കയുടെ കമന്റ്. വര്‍ഷം 55 പിന്നിട്ടിട്ടും വാര്‍ത്തകള്‍ക്കായി സമര്‍പ്പിച്ച അബ്ദുവിന്റെ ജീവിതം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

Read More >>