ലൂയിസ് പീറ്ററിന്റെ മദ്യമില്ലാത്ത നൂറ് ദിവസങ്ങള്‍

സമാനതകളില്ലാത്ത ജീവിതവും കവിതയുമാണു ലൂയിസ് പീറ്ററിന്റേത്. ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്ന കവി ഭൌതിക നഷ്ടങ്ങള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. അലച്ചിലും ഉന്മാദവും അതിനു കാരണമായിരുന്നു. അതിനൊക്കെ ആക്കം കൂട്ടാന്‍ നിയന്ത്രണമില്ലാത്ത മദ്യപാനവും. ഈ ശീലത്തില്‍ നിന്നും മോചിതനാവാനുള്ള ശ്രമത്തിലാണു കവി. ഒരു പാട് നല്ല മനുഷ്യരുടെ പിന്തുണയോടെ മദ്യമില്ലാതെ നൂറു ദിവസം പിന്നിട്ടു എന്നാണു ലൂയിസ് പീറ്റര്‍ പറയുന്നത്.

ലൂയിസ് പീറ്ററിന്റെ മദ്യമില്ലാത്ത നൂറ് ദിവസങ്ങള്‍ലൂയിസ് പീറ്റര്‍ - ഫോട്ടോ : മിഥു ശ്രീനിവാസ്

നായ്ക്കള്‍ കുരയ്ക്കുകയാണു.

ഞാന്‍ വരികയാണെന്ന് തോന്നുന്നു -

ലൂയിസ് പീറ്റര്‍

സമാനതകളില്ലാത്ത ജീവിതവും കവിതയുമാണു ലൂയിസ് പീറ്ററിന്റേത്. ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന കവി ഭൌതിക നഷ്ടങ്ങള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. അലച്ചിലും ഉന്മാദവും അതിനു കാരണമായിരുന്നു. അതിനൊക്കെ ആക്കം കൂട്ടാന്‍ നിയന്ത്രണമില്ലാത്ത മദ്യപാനവും.

ഞാനുണ്ടത്.,

എന്‍റെ വിശപ്പ്...

ഞാൻ കുടിച്ചുതീര്‍ത്തത്.,

എന്‍റെ ദാഹം..

ഞാൻ ഉദിച്ചത്.,

എന്‍റെ ആകാശം അനാഥമാകാതിരിക്കുവാന്‍...

ഞാൻ അസ്തമിച്ചത്.,

എന്‍റെ നിശയ്ക്ക് സ്വപ്നം കണ്ടുറങ്ങുവാന്‍..

ഞാൻ നടന്നത്.,

എന്‍റെ പാതയ്ക്കു കൂട്ടാകുവാന്‍..

ഞാൻ ഇളവേറ്റത്.,

എന്‍റെ വൃക്ഷത്തിനു തണലാകുവാന്‍...

ഞാൻ നീരാടാനെത്തിയത്.,

എന്‍റെ പുഴയ്ക്കു കുളിരാകുവാന്‍...

എന്നിട്ടും ഞാന്‍മാത്രം

എന്നുമിങ്ങനെ

ഞാൻ മാത്രമായ്.....

ഒറ്റയ്ക്ക്...

എന്നാണു അന്നാളുകളില്‍ കവി എഴുതിയത്. എന്നാല്‍ മാറ്റത്തിനു ഒരുങ്ങുകയാണു ലൂയിസ് പീറ്റര്‍. ജീവിതം ദുസ്സഹമാക്കിയ മദ്യപാനത്തില്‍ നിന്നും മോചനം തേടാനുള്ള പരിശ്രമത്തിലാണു അദ്ദേഹം. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ .

ജൂലൈ 11 ന് ആണ് അവസാനമായി കുടിച്ചത് .100 ദിവസം പിന്നിട്ടു.തനിച്ചല്ല.ഒരുപാട് നല്ല മനസുകളുടെ സഹായമുണ്ട്.അവർക്ക് നന്ദി.പ്രത്യേകിച്ച് ഡോളിക്കും ഞങ്ങളുടെ മക്കൾക്കും.ഇക്കുറി ഇത് നിർത്തിയേക്കും എന്ന് വിശ്വസിച്ച് ഒപ്പം നിൽക്കുന്നതിന്.എന്നോട്ഒപ്പം നിന്ന കാരമടയിലെ നിത്യാഞ്ജലിയിലെ ഷൗക്കത്തിനും ഗായത്രി ചേച്ചിക്കുംമനേഷിനും നൗഷാദിനും സബിത മോൾക്കും ഐഷുവിനും പളനിവേൽ വൈദ്യർക്കും സാവിത്രി അക്കയ്ക്കും രാജീവ് ശർമ്മക്കുമൊന്നും നന്ദി പറയുന്നില്ല'.

കവിയുടെ മാറ്റം കൂട്ടുകാരായ കവികളിലും സന്തോഷമുണ്ടാക്കിയിട്ടുണ്ട്. ഇതാ ഒരു സാക്ഷ്യം. സഹകവികളില്‍ ഒരാളായ വി.പി.ഷൌക്കത്തലി എഴുതുന്നു. ചുവടിലും ചലനങ്ങളിലും ചുഴലി തീർക്കുന്ന ബാധകളിൽ നിന്നെല്ലാം മോചിതനായ സൗമ്യനായ ലൂയിസ് പീറ്ററെയാണ് ഇന്ന് സ്നേഹസംഗമത്തിൽ കണ്ടത്. ഒരു തീർത്ഥാടനത്തിന്റെ പ്രശാന്തിയും പ്രസാദവുമായി കാരമട ആശ്രമത്തിൽ നിന്നാണ് കവിയുടെ വരവ്...


ലൂയിസ് പീറ്റര്‍ 2014 ല്‍ എഴുതിയ ഒരു കവിത


എനിക്കറിയാം

ഈ പ്രളയം പോലും

തവളകൾ പ്രവചിച്ചതല്ല

അവർ

പ്രവാചകരേയല്ല.


തവളകൾ മാത്രമാണ്


നമ്മെ പോലെ

നഗരങ്ങളിലല്ല വാസം

എന്ന് മാത്രം


ലൂയിസ് പീറ്റര്‍, കവിതായനത്തില്‍ കറുത്ത പെണ്ണ് ചൊല്ലുന്നു.


ഈയടുത്ത് കവി ഫേസ് ബുക്കില്‍ എഴുതിയ സ്റ്റാറ്റസ് പകര്‍ത്തിക്കൊണ്ട് നിറുത്തുന്നു.

ഉദയത്തെക്കുറിച്ച് അത്രയധികം ഉറപ്പുള്ളതിനാലാണ് ഞാൻ അസ്തമയങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നത് -

ലൂയിസ് പീറ്റര്‍

Read More >>