സൂഫി കവിതയിൽ അലിഞ്ഞ്

ഫഖ്റുദ്ധീൻ പന്താവൂർധ്യാനാത്മകമായ പ്രണയത്തിലൂടെ ആത്മസമര്‍പ്പണം നടത്തി ദൈവത്തെ കണ്ടെത്തുന്ന കവിതകളാണ് അബ്ദുസ്സമദ് മുസ്ലിയാരെ മറ്റുള്ളവരില്‍ നിന്ന്...

സൂഫി കവിതയിൽ അലിഞ്ഞ്

ഫഖ്റുദ്ധീൻ പന്താവൂർധ്യാനാത്മകമായ പ്രണയത്തിലൂടെ ആത്മസമര്‍പ്പണം നടത്തി ദൈവത്തെ കണ്ടെത്തുന്ന കവിതകളാണ് അബ്ദുസ്സമദ് മുസ്ലിയാരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.കവിതകളിലൊക്കെയും പ്രണയത്തിന്റെ പൂമരമുണ്ട്...

ചിലപ്പോള്‍ സുഗന്ധം നിറഞ്ഞ ഒരു കാറ്റുപോലെ....

മറ്റു ചിലപ്പോള്‍ കിന്നാരം പറഞ്ഞൊഴുകുന്ന ഒരു പുഴ പോലെ....

മറ്റു ചിലപ്പോള്‍ വേനലില്‍ ഒരു ചാറ്റല്‍ മഴ പോലെ...

സമദ് മുസ്ലിയാരുടെ അറബ് കവിതകളില്‍ എപ്പോഴും സൂഫി സംഗീതത്തിന്റെ പൂക്കള്‍ ചിരിച്ചുകൊണ്ടിരിക്കുന്നു.

അറബ് സാഹിത്യത്തിലെ വിഖ്യാതനായ കവി ഈജിപ്തിലെ അഹമദ് ശൗഖിയുടെ ഇന്ത്യന്‍ പതിപ്പാണ് പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ സമദ് മുസ്ലിയാര്‍എന്ന അറബ് കവി .അത്രമേല്‍ അറബ് ഭാഷയെ പ്രണയിച്ച ഈ കവിയുടെ കവിതകള്‍ വായിച്ചപ്പോള്‍ അഹ്മദ് ശൗഖിയെന്ന വിഖ്യാതനായ കവിയുടെ നാട്ടുകാര്‍ തന്നെയാണ് ഇദ്ദേഹത്തിന് ഇങ്ങനെയൊരു അലങ്കാരം ചാര്‍ത്തി നല്‍കിയതും. ഇതിനകം ആയിരത്തിലധികം കവിതകള്‍ അറബി ഭാഷയില്‍ രചിച്ചിട്ടുണ്ട് സമദ് മുസ്ലിയാര്‍.

ഒരു പക്ഷെ കേരളത്തില്‍ ഇത്രമാത്രം അറബിയില്‍ കവിതയെഴുതിയ മറ്റൊരു മലയാളിയുണ്ടാകില്ല .സൂഫി ചിന്തകള്‍ സ്വാധീനിച്ച ശേഷം കവിയുടെ രചനകളെല്ലാം ആത്മീയ പ്രണയത്തിന്റെ ഭാഷ്യങ്ങളായിരുന്നു .ഈജിപ്തിലെ സൂഫി സദസ്സില്‍ കവിത ചെല്ലാന്‍ ഒരിക്കല്‍ അവസരം ലഭിച്ച ഇദ്ദേഹം സ്വന്തം കവിത ആലപിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം ഇന്ത്യയുടെ അഹമദ് ശൗഖിയെന്ന് വിളിച്ച് ആശ്ലേഷിച്ചത് അറബ് സാഹിത്യ ശാഖയില്‍ മലയാളിയുടെ കൈയ്യൊപ്പായി സാഹിത്യ ചരിത്രം രേഖപ്പെടുത്തും. പെയ്ത മഴകളില്‍ നനയാത്ത കവിതകളാണ് സമദ് മുസ്ലിയാരുടെത്.

നിമിഷ കവിയാണ് സമദ് മുസ്ലിയാര്‍.അറബ് ഭാഷയുടെ കവിതാ പാരമ്പര്യങ്ങളെ കൈവിടാതെയുള്ള കാവ്യരചനകള്‍. സമകാലിക അറബ് കവികളെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കവിതകളില്‍ ഉടലുകളുടെ രാസനൃത്തമല്ല, മറിച്ചു ഉദാത്തമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രണയലേഖനങ്ങളാണ് വായിക്കാനാവുക. അവനാകുന്ന വെളിച്ചത്തില്‍ ലയിക്കുക മാത്രമേ പ്രണയത്തില്‍ ചെയ്യേണ്ടാതായുള്ളൂ...


പ്രണയത്തിന്റെ ഏറ്റവും ഉദാത്തമായ ഈ അവസ്ഥയെ പ്രാപിക്കുന്നതാണ് രചിക്കപ്പെട്ട കവിതകളൊക്കെയും. ചില കവിതകള്‍ മലയാളത്തിലും രചിച്ചിട്ടുണ്ട്. 1969 ല്‍ പട്ടിക്കാട് നിന്നും, ശാന്തപുരം കോളേജില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ സമദ് മുസ്ലിയാര്‍പിന്നീട് ദയൂബന്ദില്‍ ഉപരിപഠനം നടത്തി. അറുപതുകളില്‍ എറണാകുളം പൊന്നാര്യമംഗലത്ത് രണ്ട് വര്‍ഷത്തോളം ദര്‍സ് നടത്തിയിരുന്നു ഇദ്ദേഹം. അന്ന് നാല്‍പ്പതിലധികം വിദ്യാര്‍ത്ഥികള്‍ ദര്‍സില്‍ ഉണ്ടായിരുന്നു.

ചന്ദ്രികയുള്‍പ്പെടുന്ന പത്രങ്ങളിലും വിവിധ മാസികകളിലും മലയാളത്തില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന ഇദ്ദേഹം ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറിയായും സജീവ രാഷ്ട്രിയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

2009 ല്‍ സൂഫി ചിന്തകളില്‍ ആകൃഷ്ടനായതോടെ എഴുത്തും ചിന്തയും ദൈവിക പ്രണയത്തില്‍ മാത്രമായി.

പലതരം സ്നേഹത്തെ അന്വേഷിച്ചതിനു ശേഷം, തന്റെ ബോധത്തില്‍ ആദ്യം മുതല്‍ക്കുതന്നെ നിലനിന്നിരുന്ന ദൈവിക പ്രേമത്തില്‍ കവി എത്തിച്ചേരുകയായിരുന്നു. പല വഴികളിലൂടെ എത്തിച്ചേര്‍ന്ന സാക്ഷാത്കാരത്തെപ്പറ്റി ഇദ്ദേഹത്തിന്റെ കവിതകള്‍ ഉണര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കവിതകള്‍ മുഴുവന്‍ ഈശ്വരപ്രണയത്തിന്റെ അലങ്കാരങ്ങളാണ്.

സമസ്തയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് സമദ് മുസ്ലിയാരുടെ പിതാവ് അബൂബക്കര്‍ മുസ്ലിയാര്‍.അക്കാലത്ത് ഖുത്ബി മുഹമ്മദ് മുസ്ലിയാര്‍മതവിധികള്‍ തീര്‍പ്പാക്കാന്‍ ഇദ്ദേഹത്തെയാണ് സമീപിച്ചിരുന്നത്.

21 വര്‍ഷക്കാലം ഓങ്ങല്ലൂര്‍ എല്‍.പി സ്‌കൂളിലെ അറബിക് അധ്യാപകനായിരുന്നു സമദ് മുസ്ലിയാര്‍. ഇതിനിടയില്‍ ആറു വര്‍ഷത്തോളം അവധിയില്‍ പ്രവേശിച്ച് ഖത്തറില്‍ മിലിട്ടറിയില്‍ ജോലി ചെയ്തു. 71 കാരനായ ഈ അറബിക്കവിയിപ്പോള്‍ ഓങ്ങല്ലൂര്‍ മഞ്ഞളുങ്ങലില്‍ കുടുംബവുമായി വിശ്രമജീവിതം നയിക്കുന്നു. എങ്കിലും കവിതയെഴുത്തിന് വിശ്രമമില്ല. ഒഴുകിത്തീരാത്ത സ്വപ്നങ്ങളാണ് സമദ് മുസ്ലിയാര്‍ക്ക് കവിതകള്‍. അറബ് കവിതയില്‍ ഉറങ്ങുകയും ഉണരുകയും നനയുകയും കുളിരണിയുകയും ചെയ്യുന്നു എന്നതാണ് ഈ നിമിഷ കവിയുടെ ഏറ്റവും വലിയ പ്രത്യേകത. സൂഫി വിശ്വാസത്തിന്റെ മുഖമുദ്രപോലെ മനോഹരവും ശാന്തവുമായ ഒരു പുഞ്ചിരിയില്‍ എല്ലാ അഭിനന്ദനങ്ങള്‍ക്കുമുള്ള മറുപടികള്‍ ഒതുക്കുമ്പോഴും സമദ് മുസ്ലിയാര്‍ ഒന്നു പറയാന്‍ മറന്നില്ല. എല്ലാം ഒരു നിയോഗമാണ്.

Read More >>