ഇവിടെ രണ്ട് തരത്തിലുള്ള ഗോപാലകൃഷ്ണന്മാരുണ്ട്; ഒന്ന് അടൂരും രണ്ട് ബി ഡാഷും- എന്‍.എസ് മാധവന്‍

അടൂര്‍, രാമചന്ദ്രഗുഹ, അപര്‍ണ സെന്‍ തുടങ്ങി 49 പേരാണ് വിദ്വേഷക്കൊലകള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.

ഇവിടെ രണ്ട് തരത്തിലുള്ള ഗോപാലകൃഷ്ണന്മാരുണ്ട്; ഒന്ന് അടൂരും രണ്ട് ബി ഡാഷും- എന്‍.എസ് മാധവന്‍

കൊച്ചി: വിദ്വേഷക്കൊലയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്തു വന്നതില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ഇവിടെ രണ്ട് ഗോപാലകൃഷ്ണന്മാരുണ്ടെന്നും ഒന്ന് അടൂരാണെന്നും മറ്റൊന്ന് ബി ഡാഷ് ആണെന്നുമാണ് മാധവന്റെ പ്രതികരണം.

ട്വിറ്ററിലാണ് മാധവന്‍ ബി.ജെ.പി വക്താവിനെ പരിഹസിച്ച് രംഗത്തെത്തിയത്.

ജയ് ശ്രീറാം വിളി കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് ചന്ദ്രനിലേക്ക് പോകാമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ്പ് കൊണ്ടാണെന്ന് അറിയാം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ എന്നും ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു.

ഇതിന് മറുപടിയുമായി എത്തിയ അടൂര്‍ ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാമെന്നും തനിക്കിനി പുരസ്‌കാരങ്ങളൊന്നും കിട്ടാനില്ലെന്നും വല്ല ജിലേബിയും അയച്ചു തരട്ടേ എന്നും പരിഹസിച്ചിരുന്നു.

'അദ്ദേഹത്തിന് അറിയാന്‍ വയ്യാത്ത ഒരു കാര്യമുണ്ട്. എനിക്കിനി കിട്ടാന്‍ അവാര്‍ഡൊന്നുമില്ല. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ എനിക്കിനി ഒന്നും പുതുതായി കിട്ടാനില്ല. അല്ലെങ്കില്‍ വല്ല ആഹാര സാധനങ്ങളോ ജിലേബിയോ വല്ലതും അവിടുന്ന പാഴ്സല്‍ ചെയ്ത് എനിക്ക് അയച്ചു തന്നാല്‍ മതി'- എന്നായിരുന്നു അടൂരിന്റെ വാക്കുകള്‍.

സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അരാജകത്വത്തിലേക്കും കലാപത്തിലേക്കുമാവും കാര്യങ്ങള്‍ പോകുന്നത്. വലിയ വില നല്‍കേണ്ടിവരും. പിന്നീട് ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെവരും. നേരിട്ട് ആരും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. ഹിന്ദി ചാനലുകളില്‍നിന്ന് പലരും വിളിച്ചു. പലരും ക്ഷോഭിച്ചു. പലര്‍ക്കും ഭ്രാന്തായിട്ടുണ്ടെന്നാണ് ക്ഷോഭത്തില്‍നിന്ന് മനസിലായത്. അവരോട് തനിക്കൊന്നും പറയാനില്ല. അവര്‍ പറയുന്ന ഓരോ അബദ്ധങ്ങള്‍ക്കും മറുപടി പറയേണ്ട ആവശ്യമില്ല- മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അടൂര്‍, രാമചന്ദ്രഗുഹ, അപര്‍ണ സെന്‍ തുടങ്ങി 49 പേരാണ് വിദ്വേഷക്കൊലകള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നത്.

Read More >>