എൽ.ഡി.എഫിന്റെ ഐശ്വര്യം

പ്രേമചന്ദ്രന്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ല് ശബരിമലയിലേക്കു സ്ത്രീകളെ കൊണ്ടുപോകാന്‍ സമയം നോക്കിയിരിക്കുന്ന സംഘപരിവാരത്തിന് ക്ഷമ കെടും. വെളുക്കാന്‍ തേച്ചത് പാണ്ടായിത്തീരുന്നു എന്നതാണ് അവരുടെ അനുഭവം.

എൽ.ഡി.എഫിന്റെ ഐശ്വര്യം

ഡോ. ആസാദ്

എൻ.കെ പ്രേമചന്ദ്രൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽ.ഡി.എഫ്) സർക്കാറിന്റ സംരക്ഷകനായിരിക്കുന്നു. ശബരിമല സംബന്ധിച്ചു ലോകസഭയിൽ കൊണ്ടുവരുന്ന ഓർഡിനൻസ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാറിന്റെ തലവേദന ശമിപ്പിക്കും. യു.ഡി.എഫിനെ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടുത്തും. രാഷ്ട്രീയലക്ഷ്യം നേടിയ ശേഷം സ്ത്രീകളെ ശബരിമലയിൽ എത്തിക്കാമെന്നു കരുതിയ സംഘപരിവാരങ്ങളുടെ കാര്യമാണ് കഷ്ടം. അവരുടെ അജൻഡയ്ക്കു ഇതു വലിയ ആഘാതമേൽപ്പിക്കും.

ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശം സ്ത്രീകൾക്കു ലഭിക്കണമെന്ന കോടതിവിധി വളരെ പ്രധാനമാണ്. കോടതിവിധി വന്നില്ലെങ്കിലും ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിക്കാനും സംരക്ഷിക്കാനും എല്ലാവർക്കും ബാദ്ധ്യതയുണ്ട്. ആ ബാദ്ധ്യത പാലിക്കാൻ കോടതിവിധിയെത്തുടർന്ന് കേരള സർക്കാർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ജനവികാരം ജ്വലിപ്പിച്ച് തുല്യാവകാശത്തെക്കാൾ പ്രധാനമാണ് പ്രാചീന വിധികളും ക്ഷേത്ര വഴക്കങ്ങളുമെന്ന് പ്രചരിപ്പിക്കാൻ ആളുകളുണ്ടായി. ആഭ്യന്തര കലാപത്തിലേക്കു നാടു നീങ്ങുന്നതു നാം കണ്ടു.

സ്ത്രീകൾക്കും ശബരിമല ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കണമെന്നു വാദിക്കുകയും വിധി വന്നയുടൻ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്ത തീവ്രഹിന്ദുത്വവാദികൾ പൊടുന്നനെയാണ് പിണറായി സർക്കാറിനെ ആക്രമിക്കാൻ ഇതൊരായുധമാക്കാം എന്നു നിശ്ചയിച്ചത്. അവർ കളം മാറ്റി ചവിട്ടി. ഇടതുപക്ഷ സർക്കാറിന് ശബരിമലയിൽ വലിയ രാഷ്ട്രീയ താല്പര്യമൊന്നും ഉണ്ടാവേണ്ടതില്ല. അതിനാൽ വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാദ്ധ്യത നിർവ്വഹിക്കാൻ ശ്രമിച്ചു. കേന്ദ്രഗവൺമെന്റിനു പക്ഷെ, ഇടപെടാമായിരുന്നു. അവരതു ചെയ്തില്ല. അവർക്കു കേരളത്തിൽ താല്കാലികമായ കുളം കലക്കലിലേ താല്പര്യമുണ്ടായിരുന്നുള്ളു.

ഇപ്പോൾ പതിനേഴാം ലോകസഭയിൽ ഒരു ബില്ലിന്റെ ആദ്യാവതരണംതന്നെ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. പതിനാറാം സഭയുടെ അവസാന നാളുകളിൽ അത്യന്തം രൂക്ഷമായ സ്ഥിതിവിശേഷത്തിലൂടെ ശബരിമല ഭക്തർ കടന്നുപോയപ്പോൾ പോലും ഇങ്ങനെയൊരു ബില്ലവതരിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല.

പ്രേമചന്ദ്രൻ അവതരിപ്പിക്കുന്ന ബില്ല് സംഘപരിവാരങ്ങളുടെ താല്പര്യങ്ങൾക്കു തടസ്സമാണ്. ശബരിമലയിൽ മൂലധന നിക്ഷേപത്തിനു തയ്യാറെടുക്കുന്ന മുതലാളി - രാഷ്ട്രീയ - ഇടനില താല്പര്യങ്ങൾക്ക് എതിരുമാണ്. എന്നാൽ ഈ ബില്ലിനെ പരസ്യമായി എതിർക്കാനും ബി.ജെ.പിയ്ക്കു പ്രയാസമുണ്ട്. അവരുടെ പൊയ്മുഖം കൊഴിഞ്ഞു വീഴും.

കഴിഞ്ഞ സെപ്തംബർ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരണം ശബരിമലയിലെന്ന ബില്ലു പാസായാൽ അതേറെ സഹായിക്കുക പിണറായി സർക്കാറിനെയാണ്. ശബരിമല നമ്മുടെ സമ്പദ്ഘടനയുടെ പ്രബല ഘടകമാണെന്ന ഒറ്റ കാര്യമേ ഈ സർക്കാറിന്റെ ചിന്തയിലുണ്ടാവൂ. ക്ഷേത്രാചാര സംരക്ഷണമോ നിഷേധമോ അവരുടെ വിഷയമല്ല. ആണായോ പെണ്ണായോ കൂടുതൽ പേർ അവിടെയെത്തണമെന്ന രാഷ്ട്രീയ വാശിയൊന്നും ഇടതുപക്ഷത്തിനില്ല. കുറഞ്ഞുവരട്ടെ വിശ്വാസം എന്നേ അവർ കരുതാനിടയുള്ളു.

ഒരു ഓർഡിനൻസും ഭരണഘടനയുടെ സത്തയ്‌ക്കെതിരായി നില നിൽക്കുകയില്ല. സ്ത്രീകൾ കയറണമെന്നു തീരുമാനിച്ചാൽ ഒരു മലയും മാറിപ്പോവില്ല. അതു തടയാൻ ഒരു ഓർഡിനൻസിനും കഴിയില്ല. എന്നാൽ വെള്ളം കലക്കി മീൻപിടിക്കാനുള്ള ശ്രമം തടയപ്പെടും. തീവ്ര ഹിന്ദുത്വ നിലപാടുകാർക്ക് ഒളിച്ചുകളി സാദ്ധ്യമല്ലാതാവും. ശബരിമലയിലേക്കു സ്ത്രീകളെ കൊണ്ടുപോകാൻ സമയം നോക്കിയിരിക്കുന്ന സംഘപരിവാരത്തിന് ക്ഷമ കെടും. വെളുക്കാൻ തേച്ചത് പാണ്ടായിത്തീരുന്നു എന്നതാണ് അവരുടെ അനുഭവം.

എൻ.കെ പ്രേമചന്ദ്രന്റെ സ്വകാര്യബില്ലിനെ ഇടതുപക്ഷം എതിർക്കാനിടയില്ല. നിലവിലെ സാഹചര്യത്തിൽ ആ അജൻഡ എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ. ഉപതെരഞ്ഞെടുപ്പുകൾ വരുന്നു. പിറകിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുണ്ട്. ഇപ്പോഴേറ്റ ആഘാതത്തിൽനിന്നു പുറത്തു കടക്കേണ്ടതുമുണ്ട്. അതിനുള്ള പ്രതിവിധിയാണ് പ്രേമചന്ദ്രൻ വെച്ചു നീട്ടുന്നത്. ഇടതുപക്ഷ സർക്കാർ അതു കാണാതെ പോവില്ല.ൂ

Read More >>