നടി വിദ്യാ സിന്‍ഹ അന്തരിച്ചു

സിനിമകളോടൊപ്പം തന്നെ വിദ്യ അഭിനയിച്ച ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു.

നടി വിദ്യാ സിന്‍ഹ അന്തരിച്ചു

മുംബൈ: ബോളിവുഡ് സിനിമാ ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ(71) അന്തരിച്ചു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സലയിലായിരുന്നു.

1974 ലാണ് വിദ്യാ സിന്‍ഹ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രാജ കാക ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്‌നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ അഭിനയിച്ചു. 'ചോട്ടി സീ ബാത്', 'രജനിഗന്ധ', 'പതി, പത്‌നി ഓര്‍ വോ' എന്നിവയാണ് വിദ്യ ശ്രദ്ധ പിടിച്ച് പറ്റിയ മറ്റ് ചിത്രങ്ങള്‍. സിനിമകളോടൊപ്പം തന്നെ വിദ്യ അഭിനയിച്ച ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു. യേശുദാസ് ആലപിച്ച 'ജാനേമന്‍ ജാനേമന്‍', 'കയി ബാര്‍ യു ഭി ദേഖാ ഹൈ', രജ്‌നിഗന്ധ ഫൂല്‍ തുംഹാരേ' തുടങ്ങിയവ ഇന്നും ആരാധകരുടെ മനസിലുണ്ട്.

കാവ്യാഞ്ജലി, ഹാര്‍ ജീത്ത്, ഖുബൂള്‍ ഹായ്, ഇഷ്‌ക് കാ രംഗ് സേഫ്ഡ്, ചന്ദ്ര നന്ദിനി. കുല്‍ഫി കുമാര്‍ ബാജേവാലാ തുടങ്ങിയ നിരവധി ടെലിവിഷന്‍ ഷോകളിലും വിദ്യ അഭിനയിച്ചു. ഭര്‍ത്താവ് വെങ്കിടേശ്വര അയ്യര്‍. മകള്‍ ജാന്‍വി.

Read More >>