ടൈറ്റാനിക്കിനെ തകര്‍ത്ത് അവഞ്ചേര്‍സ്; അഭിനന്ദനവുമായി ജെയിംസ് കാമറൂണ്‍

അവഞ്ചേര്‍സിന്റെ ലോഗോയില്‍ ഇടിച്ച് തകരുന്ന ടൈറ്റാനിക്കിന്റെ ചിത്രമാണ് ജെയിംസ് കാമറൂണ്‍ ട്വിറ്ററില്‍ പങ്ക് വച്ചത്. യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ് - എന്നാണ് അദ്ദേഹം ചിത്രത്തിന്റെ അണിയറക്കാരെ അഭിനന്ദിച്ച് ട്വിറ്ററില്‍ കുറിച്ചത്

ടൈറ്റാനിക്കിനെ തകര്‍ത്ത് അവഞ്ചേര്‍സ്; അഭിനന്ദനവുമായി ജെയിംസ് കാമറൂണ്‍

ഹോളിവുഡ്: ലോകസിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ പണംവാരിപ്പടം എന്ന ടൈറ്റാനിക്കിന്റെ റെക്കോഡ് തകര്‍ത്ത് മുന്നേറുന്ന അവഞ്ചേര്‍സ് എന്‍ഡ് ഗെയിം എന്ന ചിത്രത്തെ അഭിനന്ദിച്ച് ടൈറ്റാനിക്ക് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ട്വിറ്ററിലൂടെയാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ അണിയറക്കാരെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

അവഞ്ചേര്‍സിന്റെ ലോഗോയില്‍ ഇടിച്ച് തകരുന്ന ടൈറ്റാനിക്കിന്റെ ചിത്രമാണ് ജെയിംസ് കാമറൂണ്‍ ട്വിറ്ററില്‍ പങ്ക് വച്ചത്. യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ് എന്നാണ് അദ്ദേഹം ചിത്രത്തിന്റെ അണിയറക്കാരെ അഭിനന്ദിച്ച് ട്വിറ്ററില്‍ കുറിച്ചത്. ലൈറ്റ് സ്‌ട്രോം എന്റര്‍ടെയ്‌മെന്റിലുള്ള എല്ലാവരും അത്ഭുതകരമായ ഈ നേട്ടം സ്വന്തമാക്കിയ അവഞ്ചേര്‍സ് ടീമിനെ അഭിനന്ദിക്കുന്നു- ജെയിംസ് കാമറൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തില്‍ പറയുന്നു.



റിലീസ് ചെയ്ത് രണ്ട് ആഴ്ചയ്ക്ക് അടുത്ത് പിന്നിടുമ്പോള്‍ ചിത്രം ഇതുവരെ ആഗോള വിപണിയില്‍ നേടിയത് 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്.

1997 ല്‍ റിലീസ് ചെയ്ത ടൈറ്റാനിക്ക് ഇതുവരെ ആഗോളതലത്തില്‍ നേടിയ കളക്ഷന്‍ 2.187 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു. ഇതിനെയായിരുന്നു എന്‍ഡ് ഗെയിം മറികടന്നത്.

എന്നാല്‍ ജെയിംസ് കാമറൂണിന്റെ അവതാറാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടം. 2009 ല്‍ റിലീസ് ചെയ്ത അവതാര്‍ ഇതുവരെ നേടിയത് 2.78 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്.

കഴിഞ്ഞ ദിവസം അവതാറിന്റെ രണ്ടാം ഭാഗം 2021 ഡിസംബറില്‍ പുറത്തിറങ്ങും എന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചിരുന്നു.

Read More >>