വീട്ടിലും കോന്‍ ബനേഗ കോടിപതി കളിക്കാറുണ്ട്: അമിതാഭ് ബച്ചന്‍

നിയമവശങ്ങളനുസരിച്ച് ബച്ചന്‍ കുടുംബത്തിലെ ആര്‍ക്കും തന്നെ ഷോയില്‍ പങ്കെടുക്കാനാവില്ല

വീട്ടിലും കോന്‍ ബനേഗ കോടിപതി കളിക്കാറുണ്ട്: അമിതാഭ് ബച്ചന്‍


ഡല്‍ഹി: താന്‍ അവതാരകനായ കോന്‍ ബനേഗാ കോടിപതി വീട്ടിലും സ്ഥിരമായി കളിക്കാറുണ്ടെന്ന് അമിതാഭ് ബച്ചന്‍. മുംബൈയില്‍ നടന്ന കോന്‍ ബനേഗാ കോടിപതിയുടെ പുതിയ പതിപ്പിന്റെ ലോഞ്ചിംഗ് ഷോയിലാണ് ബച്ചന്‍ രസകരമായ കുടുംബവിശേഷം പങ്കുവെച്ചത്. മകള്‍ ശ്വേത ബച്ചന്‍ നന്ദക്കും, മരുമകള്‍ ഐശ്വര്യ റായ് ബച്ചനും വീട്ടില്‍ കോന്‍ ബനേഗാ കോടിപതി കളിക്കാന്‍ ഇഷ്ടമാണെന്നും ഭാര്യ ജയ ബച്ചന്‍ ഷോയുടെ സ്ഥിരം പ്രേക്ഷക ആണെന്നും ബച്ചന്‍ പറഞ്ഞു. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ചോദ്യങ്ങളും ഉത്തരങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്. എന്ത് തിരക്കുണ്ടെങ്കിലും ജയ എല്ലാം മാറ്റിവെച്ച് കോന്‍ ബനേഗ കോടിപതി കാണാന്‍ ടി.വി ക്ക് മുന്നിലെത്തും. അതിന് എല്ലാവരും കേള്‍ക്കെ ജയയോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ബച്ചന്‍ പറഞ്ഞു.

ഏഴ് വയസ്സുള്ള കൊച്ചുമകള്‍ ആരാധ്യ ഇപ്പോള്‍ ഷോ കാണാറുണ്ട്. വീട്ടില്‍ നടക്കാറുള്ള കോന്‍ ബനേഗ കോടിപതി യുടെ ഹോം വെര്‍ഷനില്‍ പങ്കെടുക്കാറുണ്ട്. ടി.വി യിലെ പരിപാടിയും സ്ഥിരമായി കാണാന്‍ ശ്രമിക്കാറുണ്ട്. വീട്ടില്‍ കളിക്കുമ്പോള്‍ അവള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിക്കാറുമുണ്ട്. പരിപാടി ഒരുപാട് ഇഷ്ടമാണെങ്കിലും അതിന്റെ നിയമവശങ്ങളനുസരിച്ച് ബച്ചന്‍ കുടുംബത്തിലെ ആര്‍ക്കും തന്നെ ഷോയില്‍ പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

19 വര്‍ഷമായി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന പ്രശസ്തമായ ഷോയാണ് കോന്‍ ബനേഗ കോടിപതി. പല ഭാഷകളിലേക്ക് പരിപാടി മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും ബച്ചന്‍ അവതാരകനായപ്പോള്‍ ലഭിച്ച സ്വീകാര്യത ലഭിച്ചിട്ടില്ല. ഷോയുടെ പുതിയ പതിപ്പില്‍ പുത്തന്‍ രൂപഭാവത്തിലാണ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.

Read More >>