പ്രണവിനെ സ്നേഹത്തോടെ ചേര്‍ത്ത് രജനി കാന്ത്; എന്തു സഹായത്തിനും കൂടെയുണ്ടെന്ന് ഉറപ്പു നല്‍കി

മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രണവിന്റെ വാർത്ത തമിഴ് മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് രജനി പ്രണവിനെ വീട്ടിലേക്ക് ക്ഷണിച്ചത്

പ്രണവിനെ സ്നേഹത്തോടെ ചേര്‍ത്ത് രജനി കാന്ത്; എന്തു സഹായത്തിനും കൂടെയുണ്ടെന്ന് ഉറപ്പു നല്‍കി

ചെന്നൈ: പിറന്നാൾദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ചിത്രകാരൻ പ്രണവ് തമിഴ് സൂപ്പർസ്റ്റാർ രജനി കാന്തിനെ സന്ദർശിച്ചു.

ജന്മനാ രണ്ടു കൈകളുമില്ലാത്ത ആലത്തൂർ സ്വദേശി പ്രണവ് രജനികാന്തിന്റെ പ്രത്യേക ക്ഷണപ്രകാരം ചെന്നൈ പോയസ് ഗാർഡനിലുള്ള രജനിയുടെ വസതിയിലെത്തുകയായിരുന്നു. പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം പ്രണവിന്റെ വാർത്ത തമിഴ് മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് രജനി പ്രണവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.

രജനി കാന്തിന്റെ കടുത്ത ആരാധനായ പ്രണവ് സ്വയം വരച്ച രജനിയുടെ ചിത്രവും അദ്ദേഹത്തിനു കൈമാറി. കാലുകൊണ്ട് സെൽഫിയുമെടുത്തു. അരമണിക്കൂർ നീണ്ട കൂടികാഴ്ചയ്ക്ക് ശേഷം ഒപ്പം എന്തു സഹായത്തിനും കൂടെയുണ്ടെന്ന ഉറപ്പും അനുഗ്രഹവും രജനി കാന്ത് നൽകി.

അമ്മ സ്വർണ കുമാരി, പിതാവ് ബാലസുബ്രഹ്മണ്യം, സഹോദരൻ പ്രവീൺ തുടങ്ങിയവർ പ്രണവിനൊപ്പമുണ്ടായിരുന്നു. ചിറ്റൂർ ഗവ.കോളജിൽ നിന്നു ബികോം ബിരുദം നേടിയ പ്രണവ് പിഎസ്സി പരിശീലനത്തിലാണ്.

Read More >>