'സ്വബോധമില്ല, ഇത് വിഡ്ഢിത്ത പ്രസ്താവന': മോഹന്‍ ഭാഗവതിനെതിരെ നടി സോനം കപൂര്‍

വിവേകമുള്ള ഏത് പുരുഷനാണ് ഇത്തരത്തിൽ സംസാരിക്കുകയെന്നും പിന്തിരിപ്പൻ വിഡ്ഢിത്ത പ്രസ്താവനകളെന്നും വീഡിയോ പങ്കുവെച്ച് സോനം കപൂർ ട്വീറ്റ് ചെയ്തു.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെതിരെ ബോളിവുഡ് താരം സോനം കപൂര്‍. സമ്പത്തും ഉയർന്ന വിദ്യാഭ്യാസവുമുള്ള കുടുംബങ്ങൾക്കിടയിലാണ് വിവാഹ മോചന കേസുകൾ ധാരാളമായി ഉണ്ടാകുന്നതെന്നും സ്ത്രീകൾ വീട്ടിലിരിക്കുന്നതായിരുന്നു ഇന്ത്യയുടെ മികച്ച കാലഘട്ടമെന്നുമുള്ള ഭാഗവതിന്‍റെ പ്രസ്താവനക്കെതിരെയാണ് സോനം രംഗത്തു വന്നത്.

സ്വബോധമുള്ള ഏത് പുരുഷനാണ് ഇത്തരത്തിൽ സംസാരിക്കുകയെന്നും ഇത് പിന്തിരിപ്പൻ വിഡ്ഢിത്ത പ്രസ്താവനയാണെന്നും സോനം കപൂർ ട്വീറ്റ് ചെയ്തു. ഇതു സംബന്ധിച്ച വാര്‍ത്ത പങ്കുവച്ചാണ് സോനത്തിന്‍റെ ട്വീറ്റ്.

അഹമ്മദാബാദിൽ ആർഎസ്എസ് വേദിയിൽ സംസാരിക്കവെയാണ് ഭാഗവത് വിവാദ പ്രസംഗം നടത്തിയത്.

ഉയർന്ന വിദ്യാഭ്യാസവും സമ്പത്തുമാണ് രാജ്യത്ത് വിവാഹമോചനം വർധിക്കാൻ കാരണമായതെന്നും. സമീപകാലത്ത് വിവാഹമോചന കേസുകൾ കുത്തനെ ഉയരുകയാണ്. ചെറിയ കാര്യങ്ങൾക്ക് പോലും ആളുകൾ തർക്കത്തിൽ ഏർപ്പെടുന്നു. വിദ്യാഭ്യാസവും സമ്പത്തും ജനങ്ങളെ അഹങ്കാരികളാക്കും, ഫലമായി കുടുംബങ്ങൾ തകരും. ഇത് സമൂഹത്തിൻറെ തകർച്ചയിലേക്കും വഴിവെക്കും. സ്ത്രീകളെ വീട്ടില്‍ ഇരുത്തി, കഴിഞ്ഞ 2000 വര്‍ഷത്തെ ആചാരങ്ങളുടെയും പാരമ്പര്യത്തിന്‍റെയും ഫലമാണ് ഇപ്പോഴത്തെ സമൂഹം. 2000 വര്‍ഷം മുമ്പ് മാത്രമല്ല, നമ്മുടെ സമൂഹത്തിന്‍റെ സുവര്‍ണ കാലത്തിലും ഇതായിരുന്നു അവസ്ഥ. ഹിന്ദു സമൂഹം കൂടുതല്‍ സംഘടിതവും മൂല്യാധിഷ്ടിതവുമാകണം. സ്ത്രീകളെ വീട്ടിൽ അടക്കിനിർത്തിയതാണ് ഇന്നത്തെ രീതിയിലേക്ക് സമൂഹത്തെ മാറ്റാൻ സഹായിച്ചത്- എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

ഭാവഗതിൻറെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ‌

Next Story
Read More >>