തീവണ്ടി ഓടി തുടങ്ങിയത് കണ്ട കാഴ്ചകളിൽ നിന്ന്- വിനി വിശ്വലാല്‍

സംവിധായകനു വേണ്ടിയെഴുതുനൊരാളാണു ഞാന്‍. അതായത് സംവിധായകര്‍ മാറുമ്പോള്‍ എഴുത്തിന്റെ ശൈലി പൊതുവേ മാറാറുണ്ട്. കഴിഞ്ഞ നാലു ചിത്രങ്ങളിലും എഴുതി പൂര്‍ത്തിയാക്കിയ ശേഷമല്ല സംവിധായകരുമായി ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ തന്നെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ നടന്‍ സണ്ണി വെയ്ന്‍ എല്ലാവരുമായും മുമ്പു തന്നെ ബന്ധമുണ്ടായിരുന്നു. സൗഹൃദത്തിന്റെ കൂട്ടായ്മയില്‍ നിന്നുമാണ് സെക്കന്റെ ഷോ ഉണ്ടാകുന്നത്. - വിനി വിശ്വലാല്‍/ അഭിമുഖം

തീവണ്ടി ഓടി തുടങ്ങിയത് കണ്ട കാഴ്ചകളിൽ  നിന്ന്- വിനി വിശ്വലാല്‍

പ്രളയത്തിന് ശേഷം തിയേറ്ററുകളെ ഉണർത്തിയത് തീവണ്ടിയെന്ന ടൊവീനോ ചിത്രമാണ്. പുള്ളിനാട്ടിലെ ബിനീഷ് ദാമോദരനും കൂട്ടുകാരും ചിരിച്ചും ചിന്തിപ്പിച്ചും ഒരു തീവണ്ടിപോലെ നിറഞ്ഞോടുന്നു. പുകവലിക്കൊപ്പം സമകാലിക രാഷ്ട്രീയ ചുറ്റുപാടുകളെയും വിമർശനാകാത്മകമായി തീവണ്ടി സമീപിക്കുന്നുണ്ട്.

രാഷ്ട്രീയം പശ്ചാത്തലമാകുന്ന ചിത്രങ്ങള്‍ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും അവയില്‍ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് പരിചിതമല്ലാത്ത ഒരു ശൈലി സ്വീകരിച്ചുവെന്നതാണ്. രാഷ്ട്രീയ ആക്ഷേപങ്ങളോടൊപ്പം ചിത്രത്തിനു പശ്ചാത്തലമാകുന്ന മറ്റൊരു വിഷയമാണു പുകവലി. മൂല്യച്യുതി സംഭവിക്കുന്ന രാഷ്ട്രിയം പുകവലി പോലെ തന്നെ അപകടകരമാണ്. ആഴത്തിലുള്ള രാഷ്ട്രീയ വിശദീകരണങ്ങളും.

തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന തീവണ്ടിയുടെ തിരകഥാകൃത്ത് വിനി വിശ്വലാല്‍ തന്റെ സിനിമ അനുവഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

രാഷ്ട്രിയമാണ് ചിത്രത്തിന്റെ പ്രമേയമെന്ന തീരുമാനത്തിലേക്കെത്തുന്നത് എങ്ങനെയാണ് ?

പൊതുസമൂഹത്തിലെ രാഷ്ട്രീയ നാടകങ്ങളില്‍ നിന്നാണ് തീവണ്ടിയെന്ന ചിത്രത്തിന് തുടക്കമാവുന്നത്. പല കാലങ്ങളിലായി പല തരത്തിലുള്ള രാഷ്ട്രീയ കളികളാണു രാജ്യത്ത് നടന്നു വരുന്നത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പടക്കമുള്ള സമീപകാലത്തെ തെരഞ്ഞെടുപ്പുകള്‍ ഇത്തരം നാടകങ്ങള്‍ക്കു വേദിയായതും കണ്ടതാണ്. എം.എല്‍.എ.മാര്‍ക്കു പണം വാഗ്ദാനം ചെയ്യുന്നതും മറ്റും. സ്ഥാനമാനങ്ങള്‍ക്കായി പലരും പാര്‍ട്ടികള്‍ മാറുന്നതും എല്ലാം ഇവിടെ നടക്കുന്ന കാര്യങ്ങളാണ്. അത്തരത്തിലുള്ള ഒരു പ്രമേയത്തിലേക്കെത്തുമ്പോള്‍ അതിന്റെ ഹാസ്യവശങ്ങളാണ് ആദ്യം അനുഭവപ്പെടുന്നത്. അങ്ങനെയാണ് ആക്ഷേപ ഹസ്യ രൂപേണ ഒരു രാഷ്ട്രീയ കഥ പറയാമെന്ന തീരുമാനത്തിലെത്തുന്നത്. കൂടാതെ മുമ്പ് ആക്ഷേപ ഹാസ്യ രൂപേണ കഥ പറഞ്ഞ, സന്ദേശം, പഞ്ചവടിപ്പാലം പോലുള്ള ചിത്രങ്ങളും പ്രാചോദനമായിരുന്നു. പക്ഷെ അവയുടെ ഒന്നും പകര്‍പ്പാകരുത് തീവണ്ടി എന്നും തീരുമാനിച്ചിരുന്നു.

ടൊവീനോയ്ക്കും സംയുക്താ മേനോനുമൊപ്പം വിനി വിശ്വലാൽ

മുമ്പ് പുറത്തിങ്ങിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണം തീവണ്ടി എന്നു പറഞ്ഞു, എങ്ങനെയാണ് തീവണ്ടി മറ്റു രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്, ചിത്രത്തിലെ രാഷ്ട്രീയ സംഘടനയ്ക്ക് ബി.എസ്.സി.എല്‍ എന്നു പേരു നല്‍കാന്‍ കാരണം എന്താണ് ?

മറ്റു രാഷ്ട്രീയ ചിത്രങ്ങളിലുള്ളതു പോലെ രണ്ടു രാഷ്ട്രീയ സംഘടനകള്‍ ഈ ചിത്രത്തിലില്ല. ചിത്രത്തിലെ രാഷ്ട്രീയ സംഘടനക്കു ബി. എസ്.സി.എല്‍. എന്ന് പേരു നല്‍കിയതിനു പിന്നിലും ഒരാശയം പകരാന്‍ ശ്രമിച്ചുട്ടുണ്ട്. ഭാരതീയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് ലീഗ് എന്നതിന്റെ ലഘുരൂപമാണിത്. അതായത് പൊതുവായൊരു വിശകലനം നടത്തുമ്പോള്‍ ഇവയൊന്നും വ്യത്യസ്തമല്ല എല്ലം ഒന്നാണെന്നു മനസ്സിലാകും. ഗ്രൂപ്പുകളിയും, അഴിമതിയും, അരോപണങ്ങളും എല്ലാ പാര്‍ട്ടികളിലും ഒരുപോലാണ്. ഇവിടെയുള്ള എല്ലാ പാര്‍ട്ടികളും ഇതിലുണ്ട്. കാണുന്നവര്‍ക്കു തീരുമാനിക്കാം എതു പാര്‍ട്ടിയെയാണു ഉദ്ദേശിച്ചിരിക്കുന്നതെന്ന്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെ അടിസ്ഥാനത്തിലും മറ്റും വേര്‍തിരിഞ്ഞിരിക്കുന്നുണ്ട്. പക്ഷെ ഇവിടെ എല്ലാ വിഭാഗങ്ങളും ഈ സംഘടനയിലുണ്ട്. പൊതുവായി ഇത്തരക്കാര്‍ തമ്മില്‍ വേര്‍തിരിവൊന്നുമില്ലയെന്നു കാണിക്കാനാണ് ഇതിലുടെ ഉദ്ദേശിച്ചത്. കുട്ടികള്‍ക്ക് ഈ രാഷ്ട്രീയം മനസിലാകണമെന്നില്ല. പക്ഷെ കഥ പുരോഗമിക്കുമ്പോള്‍ അവര്‍ക്കും ചിത്രത്തിന്റെ രാഷ്ട്രീയം മനസിലാകണമെന്ന ഉദ്ദേശത്തോടെയാണ് ഒരോ ചെറിയ സംഭവത്തിലും ആ ഹാസ്യം കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നത്.

വിനിയുടെ നാലാമത്തെ ചിത്രമാണ് തീവണ്ടി, ആദ്യം ചിത്രം സെക്കന്റ് ഷോ നോയര്‍ പാറ്റേണില്‍ പ്രതികാരത്തിന്റെ കഥ പറഞ്ഞു. രണ്ടാം ചിത്രത്തില്‍ റിയലിസ്റ്റിക് രീതിയില്‍ നിന്നു മാറി ഫിക്ഷനും, ഫാന്റസിയുംമൊക്കെ വന്നു. ഇപ്പോള്‍ ഇത് രണ്ടുമല്ലാത്ത പുതിയൊരു ശൈലി, ഇതു മനപുര്‍വ്വം ചെയ്യുന്നതാണോ?

സംവിധായകനു വേണ്ടിയെഴുതുനൊരാളാണു ഞാന്‍. അതായത് സംവിധായകര്‍ മാറുമ്പോള്‍ എഴുത്തിന്റെ ശൈലി പൊതുവേ മാറാറുണ്ട്. കഴിഞ്ഞ നാലു ചിത്രങ്ങളിലും എഴുതി പൂര്‍ത്തിയാക്കിയ ശേഷമല്ല സംവിധായകരുമായി ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ തന്നെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ നടന്‍ സണ്ണി വെയ്ന്‍ എല്ലാവരുമായും മുമ്പു തന്നെ ബന്ധമുണ്ടായിരുന്നു. സൗഹൃദത്തിന്റെ കൂട്ടായ്മയില്‍ നിന്നുമാണ് സെക്കന്റെ ഷോ ഉണ്ടാകുന്നത്. സെക്കന്റെ ഷോ എഴുതുന്ന സമയത്തു തന്നെ ശ്രീനാഥിന് ചിത്രത്തെ കുറിച്ചു കൃത്യമായ ധാരണയുണ്ടായിരുന്നു. സംവിധായകന് കൂടുതല്‍ വ്യക്യതത ഉണ്ടാകുമ്പോള്‍ എഴുത്തിന്റ ഭാഗം കൂറെക്കുടി എളുപ്പമാകും. പിന്നീടു വന്ന കൂതറയില്‍ തങ്ങള്‍ പഠിച്ച കാലത്തെ കോളേജ് അന്തരീക്ഷം കാണിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ലൊക്കേഷന്‍ കണ്ടെഴുതുന്ന സുഖവും ആ ചിത്രത്തിന്റെ രചന സമയങ്ങളില്‍ അനുഭവമായി. മൂന്നാമത്തെ ചിത്രമായ സ്റ്റാറിങ്ങ് പൗര്‍ണമിയിലെത്തുമ്പോള്‍ സംവിധായകന്‍ അല്‍ബര്‍ട്ടിനു മറ്റൊരു സിനിമ സമീപനമാണ് ഉണ്ടായിരുന്നത്. അപ്പോള്‍ അദ്ദേഹത്തെ മനസിലാക്കി എഴുതേണ്ടി വന്നു. തീവണ്ടിയുടെ സംവിധായകന്‍ ഫെല്ലിനിയുമായി സെക്കന്റ് ഷോയുടെ ചിത്രീകരണ കാലം മുതല്‍ ബന്ധമുണ്ട് അതിനാല്‍ എന്താണ് അദ്ദേഹത്തിനാവശ്യം എന്നതിനെക്കുറിച്ചും ധാരണയുണ്ടായിരുന്നു. ഒരേ തിരക്കഥ തന്നെ സംവിധായകര്‍ മാറുന്നതനുസരിച്ചു വെത്യാസപ്പെടുന്നുണ്ടല്ലോ, അതിനാല്‍ തിരക്കഥ എഴുതുമ്പോള്‍ സംവിധായകനെ അറിഞ്ഞെഴുതുക എന്നതാണ് എന്റെ രീതി.

പുകവലി പ്രമേയമാവുന്ന ചിത്രങ്ങള്‍ അങ്ങനെ കണ്ടിട്ടില്ല, എങ്ങനെ പുകവലി ഒരു വിഷയമാക്കാം എന്ന തീരുമാനത്തിലെത്തി ? പുകവലി, രാഷ്ട്രീയം യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ടു വിഷയങ്ങള്‍ ഒന്നിപ്പിക്കാന്‍ സാധിച്ചത് എങ്ങനെയാണ് ?

പല കാരണങ്ങളാല്‍ ചില പ്രോജക്ടുകള്‍ ഒഴിവാക്കിയിരിമ്പോഴാണ് നമുക്കൊരു പടം ചെയ്യാമെന്ന ആശയം ഫെലിനിയില്‍ നിന്നുമുണ്ടാകുന്നത്. പിന്നിട് ചിന്തിച്ചത് എന്താണു പറയേണ്ടത് എന്നതിനെക്കുറിച്ചായിരുന്നു. അങ്ങന ആലോചിക്കവെയാണ് സിഗരറ്റൊരു വിഷമായാലെന്താ എന്ന ആശയം ഉണ്ടാകുന്നത്. കാരണം ദിവസേന എവിടെപ്പോയാലും നാം ഇതു കാണുന്നുണ്ട്. ഇത്രയും അഡിക്ഷന്‍ ഉണ്ടാക്കുന്ന ഒരു വസ്തു വളരെ എളുപ്പത്തിലാണ് ജനങ്ങളിലേക്കെത്തുന്നത്. അങ്ങനെയാണ് അത്തരമൊരു കഥയാവാം എന്ന തീരുമാനത്തിലെത്തുന്നത്. ആദ്യം ഒരു തമാശയ്ക്കു ആരംഭിച്ചു പിന്നീടതൊരു ശീലമായി മാറുന്നതാണ് മിക്കവാറും പുകവലിക്കാരുടെ കഥ. തുടര്‍ന്നുള്ള കാലങ്ങളില്‍ അതു ചെയ്ന്‍ സ്‌മോക്കിങ്ങ് എന്ന രീതിയിലേക്കെത്തുന്നു. ജോലി ചെയുമ്പോഴും, ചയ കുടിക്കുമ്പോഴും, സംസാരിക്കുമ്പോഴും കൂട്ടിനു സിഗരറ്റും വേണ്ടി വരുന്നു. അത്രയും അപകടകാരിയായ ഒരു വിഷയം ആരും തന്നെ ചര്‍ച്ച ചെയ്തിട്ടില്ല എന്നതും പ്രമേയത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു. പിന്നീട് നമുക്ക് മുന്നിലുണ്ടായിരുന്ന ബുദ്ധിമുട്ട് പുകവലിക്കുന്ന വ്യക്തിയുടെ കഥ എങ്ങനെ ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തോടു കൂട്ടിയിണക്കുമെന്നതായിരുന്നു. സ്വാര്‍ത്ഥനല്ലാത്തൊരു വ്യക്തി എന്തിനു വേണ്ടി പുകവലി ഉപേക്ഷിക്കുവെന്നതാണ് രണ്ട് മേഖലകളെ ഒന്നിപ്പിച്ച പ്രധാന ഘടകം.


തീവണ്ടിയില്‍ ലെനിയും ഒരു വേഷം കൈകാര്യ ചെയ്തിട്ടുണ്ടലോ, അഭിനയരംഗത്ത് ശ്രദ്ധിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

തീവണ്ടിയിലെ വേഷം നേരത്തേ തീരുമാനിച്ചിരുന്നതല്ല, ആ വേഷം ചെയ്യാന്‍ സാധിക്കുമോ എന്നു സംവിധായകന്‍ ചോദിച്ചപ്പോള്‍ ചെയ്തതാണ്. അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡ്ഡു എന്ന ചിത്രത്തില്‍ കുറച്ചു ദൈര്‍ഘ്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, ചിത്രം റിലീസാകാന്‍ പോകുന്നതേയുള്ളു.

ധാരാളം പുകവലി രംഗങ്ങളുള്ളതിനാല്‍ തെറ്റായി സ്വാധിനിക്കും എന്ന ആരോപണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടാകുമോ എന്നു ചിന്തിച്ചിരുന്നോ?

അത്തരത്തില്‍ ചിന്തിക്കേണ്ട ആവശ്യമില്ല, കാരണം ഒരു സിനിമ കണ്ടതുകൊണ്ട് ഒരാള്‍ പുകവലി ആരംഭിക്കുമൊന്നോ അല്ലെങ്കില്‍ നിര്‍ത്തുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ യഥാര്‍ത്ഥത്തില്‍ സന്തോഷമുണ്ടാക്കിയ കാര്യം ചിത്രം കണ്ടതിനു ശേഷം എനിക്കു കിട്ടിയ പ്രതികരണങ്ങളില്‍ പലതിലും പോസിറ്റീവായിട്ടാണ് ആളുകള്‍ സംസാരിച്ചിരുന്നത്. ഒന്നോ രണ്ടോ പ്രതികരണങ്ങള്‍ അത്തരത്തിലുണ്ടാകുമെന്നാണു ഞാന്‍ കരുതിയിരുന്നത് എന്നല്‍ അതിലധികം ഉണ്ടായി. എത്രത്തോള്ളം ആത്മാര്‍ത്ഥമാണ് അതെന്ന് എനിക്കറിയില്ല എങ്കിലും പ്രതികരണങ്ങള്‍ അത്തരത്തിലായിരുന്നു.

എഞ്ചിനിയറിങ്ങ് ബിരുദക്കാരനാണ് വിനി, എഴുത്തിലേക്കും സിനിമയിലേക്കുമുള്ള യാത്ര എങ്ങനെ ആയിരുന്നു?

കോളേജുകാലഘട്ടത്തിലാണ് എഴുത്ത് ഗൗരവകരമായി കണ്ടു തുടങ്ങിയത്. അന്ന് തമാശ രൂപേണയുള്ള എഴുത്തുകള്‍ നടത്തിയിരുന്നു. പിന്നീടു ചെറുകഥകളും മറ്റും എഴുതി. എഞ്ചിനീയറിങ്ങ് കഴിഞ്ഞ ശേഷം ഒരു കമ്പിനിയില്‍ ജോലി ആരംഭിച്ചിരുന്നു. ഞാനാണു കുടുംബത്തിലെ മൂത്ത മകന്‍, അതിനാല്‍ സിനിമ എന്നൊരു സ്വപ്നം പെട്ടന്ന് അവതരിപ്പിക്കുന്നതിനും സാധിച്ചിരുന്നില്ല. ശ്രീനാഥാണ് യഥാര്‍ത്ഥത്തില്‍ സിനിമയിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നത്. ശ്രീനാഥ് സിനിമ പഠിക്കാന്‍ പോവുകയും തുടര്‍ന്നു സംവിധായകന്‍ ജയരാജിന്റെ അസിസ്റ്റന്റായി ജോലി ആരംഭിക്കുകയും ചെയ്തിരുന്നു. ആ സമയത്താണ് സെക്കന്റ് ഷോയുടെ ആലോചനകളുണ്ടാകുന്നതും, എഴുത്തിലേക്കു തിരിയുന്നതും. സെക്കന്റ് ഷോയുടെ വിജയമാണ് യഥാര്‍ത്ഥത്തില്‍ സിനിമ മേഖലയില്‍ തുടരാനുള്ള ധൈര്യമുണ്ടാക്കിയത്.


ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണലോ ഒരോ ചിത്രവും ഉണ്ടാകുന്നത്. ആഭിപ്രായ വ്യത്യാസങ്ങള്‍ എങ്ങനെയാണ് പരിഹരിക്കാറുള്ളത് ?

പല ആശയങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ തന്നെ ഏറ്റവും വിവേക പൂര്‍ണമായത് തെരഞ്ഞെടുക്കുകയെന്നതാണ് രീതി. സനിമ ചര്‍ച്ചകളിലും പലപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്. ആ സമയങ്ങളില്‍ ആകെ സിനിമക്ക് മൊത്തത്തില്‍ ഗുണം ചെയ്യുന്ന തീരുമാനങ്ങള്‍ സ്വീകരിക്കുന്നു. സ്വതവേ ‍പതുക്കെയാണ് എഴുതാറുള്ളത്. അതാണ് സിനിമകള്‍ക്കിടയില്‍ ഈ ഇടവേള ഉണ്ടാകുന്നത്.

പല തിരകഥാകൃത്തുകള്‍ക്കും എഴുതുന്നതില്‍ വ്യത്യസ്തമായ രീതികളാണ്, തനത് ശൈലി തന്നെ ഇപ്പോള്‍ ഉടച്ചു വാര്‍ത്തു കഴിഞ്ഞു. ചിലര്‍ സിന്‍ ബൈ സീന്‍ എഴുതുന്നു, വണ്‍ ലൈന്‍ എഴുതി വകസിപ്പിക്കുന്നവരും തിരകഥ തന്നെ ഒഴിവാക്കി സിനിമയെടുക്കുന്നവരുമുണ്ട്, ഇതില്‍ എതാണ് സിനിമക്ക് ഗുണം എന്നാണ് വിശ്വസിക്കുന്നത്?

സന്ദര്‍ഭം പോലെ ഇതില്‍ എതു രീതി വേണമെങ്കിലും സ്വീകരിക്കാം. ഒരോരുത്തരും അവര്‍ക്ക് ചെയാന്‍ എളുപ്പമുള്ള വഴികള്‍ സ്വീകരിക്കുന്നു എന്നു മാത്രം. മറ്റ് സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും ആസ്വദിച്ച് ചെയ്യാനും എതു മാര്‍ഗമാണോ നല്ലത് അതാണ് സിനിമക്ക് ഗുണം. അത് വ്യക്തികള്‍ക്കനുസരിച്ചു മാറിയെന്നു വരാം.

Read More >>