മതം പറയുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് വിജയ് സേതുപതി

വിജയ് സേതുപതി ദിവസങ്ങൾക്കു മുമ്പ് ഒരു പൊതുചടങ്ങിൽ നടത്തിയ ഒരു പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

മതം പറയുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് വിജയ് സേതുപതി

ചെന്നൈ: തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള കോളിവുഡ് താരമാണ് വിജയ് സേതുപതി. ഇദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ രജനി ചിത്രം പേട്ടയിൽ താരം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കാറ്. വിജയ് സേതുപതി ദിവസങ്ങൾക്കു മുമ്പ് ഒരു പൊതുചടങ്ങിൽ നടത്തിയ ഒരു പ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ജാതിയും മതവും പറഞ്ഞ് വോട്ടുതേടുന്നവർക്ക് വോട്ടു കൊടുക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് സേതുപതി എത്തിയിരിക്കുന്നത്. 'സ്നേഹമുളളവരെ, വോട്ട് ചെയ്യുമ്പോൾ സൂക്ഷിച്ച് ചെയ്യാൻ നോക്കണം. നമ്മുടെ നാട്ടിലൊരു പ്രശ്നം, കോളേജിലൊരു പ്രശ്നം,നമ്മുടെ സുഹൃത്തിനൊരു പ്രശ്നം ,അല്ലെങ്കിൽ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നവരൊടൊപ്പം നിൽക്കണം. അല്ലാതെ നമ്മുടെ മതത്തിനൊരു പ്രശ്നം, ജാതിക്കൊരു പ്രശ്നം എന്ന് പറയുന്നവർക്കൊപ്പം നിൽക്കരുത്. എല്ലാം ചെയ്തിട്ട് ഇങ്ങനെ പറഞ്ഞവരൊക്കെ പോലീസ് കാവലിൽ സുരക്ഷിതരായിരിക്കും. നമ്മളാണ് കെണിയിൽ വീഴുക. ദയവ് ചെയ്ത് ഇത് ഓർത്തു വെയ്ക്കുക. വിജയ് സേതുപതി നിറഞ്ഞ സദസിനു മുൻപാകെ പറഞ്ഞു.

മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മക്കൾ സെൽവൻ. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട്ടിൽ ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. സിനിമാത്തിരക്കുകൾക്കിടെയിലും വോട്ട് ചെയ്യാനായി വിജയ് സേതുപതി സമയം കണ്ടെത്തിയിരുന്നു. സേതുപതിക്കു പുറമെ തമിഴ് സൂപ്പർ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു.

Read More >>