ദുബൈയില്‍ മൊട്ടിട്ട പ്രണയം;പാക് താരം ഹസന്‍ അലിയുടെ ഇന്ത്യന്‍ വധുവിന്റെ വിശേഷങ്ങള്‍

ഒരു പ്രൈവറ്റ് വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഷാമിയ മാതാപിതാക്കളോടൊപ്പം ദുബൈയിലാണ് താമസം

ദുബൈയില്‍ മൊട്ടിട്ട പ്രണയം;പാക് താരം ഹസന്‍ അലിയുടെ ഇന്ത്യന്‍ വധുവിന്റെ വിശേഷങ്ങള്‍

മുംബൈ: ഇന്ത്യയും പാകിസ്താനും നയതന്ത്രപരമായി അത്ര നല്ല ബന്ധത്തിലല്ലെങ്കിലും അരു രാജ്യക്കാരും തമ്മിലുള്ള പ്രണയങ്ങൾ അതിർത്തികടന്നു പോവാറുണ്ട്. 2010ൽ ടെന്നീസ് താരം സാനിയ മിർസ പാകിസ്താൻ ക്രിക്കറ്റ്താരം ശുഹൈബ് മാലിക്കിനെ കല്യാണം കഴിച്ചപ്പോൾ ധാരാളം പുകിലുകളുണ്ടായിരുന്നു. 9 വർഷങ്ങൾക്കു ശേഷം അതിർത്തി കടന്ന് മറ്റൊരു പ്രണയം കൂടി സാഫല്യമാവുകയാണ്. പാകിസ്താൻ ക്രിക്കറ്റ് താരം ഹസൻ അലിയാണ് ഇന്ത്യൻ സുന്ദരി ഷാമിയ അർസു എന്ന ഹരിയാനക്കാരിയെ വധുവാക്കാൻ ഒരുങ്ങുന്നത്. ഒരു പ്രൈവറ്റ് വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഷാമിയ മാതാപിതാക്കളോടൊപ്പം ദുബൈയിലാണ് താമസിക്കുന്നതെന്നും ദുബൈയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹരിയാനയിലെ നൂഹ് ജില്ലയിലെ ചന്ദേനി സ്വദേശിയാണ് ഷാമിയ. ശുഹൈബ് മാലിക്കിനും, സഹീർ അബ്ബാസിനും, മൊഹ്‌സിൻ ഖാനും ശേഷം പാകിസ്താനിൽ നിന്നും ഇന്ത്യയുടെ മണവാളനാവുന്ന നാലാമനാണ് ഹസൻ അലി. ഷാമിയയുടെ മൂത്ത സഹോദരൻ അക്ബർ അലിയാണ് ഇരുവരുടേയും നിക്കാഹിനെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. അതെ, എന്റെ സഹോദരി പാക് ക്രിക്കറ്റ് താരം ഹസൻ അലിയെ വിവാഹം കഴിക്കുകയാണ്. അടുത്ത മാസം ദുബൈയിൽ വച്ചാണ് വിവാഹം. ഫരീദാബാദിലെ മാനവ് രച്‌ന യുണിവേഴ്‌സിറ്റിയിലാണ് ഷാമിയ പഠിച്ചത്. ഇപ്പോൾ ദുബൈയിൽ ജെറ്റ് എയർവൈസിൽ എയറോനോട്ടിക്കൽ എഞ്ചിനീയറാണ് അവൾ- അക്ബർ അലി പറയുന്നു. അടുത്ത മാസം 15-16 തിയ്യതികളിൽ എല്ലാവരും ദുബൈയിലേക്ക് തിരിക്കുമെന്നും ആ ആഴ്ച തന്നെയാണ് വിവാഹമെന്നും അലി കൂട്ടിച്ചർത്തു.

ഷാമിയയുടെ കുടുംബത്തിനു പറാനുണ്ട് ഒരു പാകിസ്താൻ ചരിത്രം. മുത്തച്ഛൻ ഘോസി ഖാന്റെ സഹോദരൻ ഖാൻ ബഹാദൂർ വിഭജന സമയത്ത് ഞങ്ങളുടെ പൂർവ്വിക ഗ്രാമത്തിൽ നിന്ന് പാകിസ്താനിലേക്കു കുടിയേറുകയായിരുന്നു. പാകിസ്താനിലെ കസൂർ ജില്ലയിലെ കോതി നായകി ഗ്രാമത്തിലാണ് കുടിയേറിയത്.പാകിസ്താൻ റെയിൽവേ ബോർഡ് ചെയർമാനായിരുന്നു ഖാൻ ബഹാദൂറിന്റെ മകൻ സർദാർ തുഫൈൽ. ഷാമിയ ചെറുപ്പമായിരിക്കുമ്പോൾ, പൈലറ്റായിരിക്കുന്നതിനെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. കൽപന ചൗളയായിരുന്നു അവളുടെ മാതൃകാവനിത. കഴിഞ്ഞ മൂന്ന് വർഷമായി, അവൾ ദുബൈയിലാണ്, അവൾ ഞങ്ങളുമായി സംസാരിക്കുമ്പോഴെല്ലാം പറക്കലിനെക്കുറിച്ച് മാത്രമാണ് പറയാറുള്ളത്. അത് അവളുടെ ഏറ്റവും വലിയ അഭിനിവേശമാണ- സഹോദരൻ പറയുന്നു.

പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിലുൾപ്പെടുന്ന ബഹാവുദ്ദീൻ സ്വദേശിയാണ് ഇരുപത്തഞ്ചുകാരനായ ഹസൻ അലി. ഹസനും വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ശരിവച്ചു. 2016ൽ അയർലൻഡിനെതിരായ ഏകദിനത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. ഒമ്പതു ടെസ്റ്റുകളും 53 ഏകദിനങ്ങളും 30 ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്നതാണ് ഹസൻ അലിയുടെ രാജ്യാന്തര കരിയർ. ഏകദിനത്തിൽ 82 വിക്കറ്റും ടെസ്റ്റിൽ 31 വിക്കറ്റും ട്വന്റി20യിൽ 35 വിക്കറ്റുമാണ് ഹസൻ അലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 2017ൽ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകുമ്പോൾ ഹസൻ അലിയുടെ ബോളിങ് പ്രകടനവും നിർണായകമായിരുന്നു. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും പ്രകടനം മോശമായതോടെ പാതിവഴിയിൽ ടീമിൽനിന്നു പുറത്തായി.

Read More >>