ദൈവത്തെ ഓര്‍ത്ത് മസ്സിലാക്കുക, ഇത് ക്രിക്കറ്റ് മാത്രമാണ്, ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് 'വീഡിയോപരസ്യ' യുദ്ധത്തിനെതിരേ സാനിയാ മിര്‍സ

പാകിസ്താനി ടെലിവിഷന്‍ ചാനലായ ജാസ് ടിവിയാണ് ഇത്തവണത്തെ വീഡിയോ യുദ്ധത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സും മറു വീഡിയോയുമായി രംഗത്തെത്തി

ദൈവത്തെ ഓര്‍ത്ത് മസ്സിലാക്കുക, ഇത് ക്രിക്കറ്റ് മാത്രമാണ്, ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ്

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ത്യയിലും പാകിസ്താനിലും പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോപരസ്യങ്ങളെ തള്ളിപ്പറഞ്ഞ് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ജൂണ്‍ 16 ലെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരം ഇപ്പോഴേ ആവശ്യമായ ജനശ്രദ്ധ നേടിക്കഴിഞ്ഞു. അതിനിയും കച്ചവടം ചെയ്യേണ്ടതില്ലെന്ന് ഇരുരാജ്യങ്ങളിലെയും ടെലിവിഷന്‍ ചാനലുകളെ ഓര്‍മിപ്പിച്ച സാനിയാ മിര്‍സ ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്. സാനിയ മിര്‍സ പാകിസ്താന്‍ ക്രിക്കറ്റ് ടീം അംഗമായ ഷുഹൈബ് മാലിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

പാകിസ്താനി ടെലിവിഷന്‍ ചാനലായ ജാസ് ടിവിയാണ് ഇത്തവണത്തെ വീഡിയോ യുദ്ധത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദ് പാകിസ്താന്‍ സൈന്യത്തിന്റെ തടവിലായിരുന്ന സമയത്ത് പുറത്തുവന്ന ഒരു വീഡിയോയെ അനുസ്മരിച്ചുകൊണ്ടുള്ള പരസ്യം ഇന്ത്യയെ അപഹസിച്ചുകൊണ്ടുള്ളതായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

അതിനോട് പ്രതികരിച്ചുകൊണ്ട് സ്റ്റാര്‍ടിവിയും മറ്റൊരു പരസ്യവുമായി രംഗത്തുവന്നു. 2015 ലോകകപ്പ് സമയത്ത് പുറത്തുവിട്ട ആ വീഡിയോയില്‍ ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണമാണ് ചിത്രീകരിച്ചിരുന്നത്. ആ പരസ്യം പുനഃപ്രക്ഷേപണം ചെയ്ത സ്റ്റാര്‍ ടിവി ഫാദേഴ്‌സ് ഡെ ആശംസകളോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ലോകകപ്പില്‍ ഏറ്റുമുട്ടുന്ന ജൂണ്‍ 16 ആഗോളതലത്തില്‍ ഫാദേഴ്‌സ് ഡെ ആയി ആചരിക്കുന്ന ദിവസമാണ്. ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യക്കെതിരേ ഒരു മാച്ചുപോലും പാകിസ്താന് ജയിക്കാനായിട്ടില്ലെന്ന ചരിത്രം സൂചിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ പ്രചരണം കൊഴുക്കുന്നത്.

ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിന്റെ പിതാവാവാനാവില്ലെന്ന് പരസ്യത്തിനെതിരേ രംഗത്തുവന്നവര്‍ ചൂണ്ടിക്കാട്ടുന്നു. നയതന്ത്രപ്രശ്‌നത്തെ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത് അപകടകരമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേ അപകടത്തെ കുറിച്ചുതന്നെയാണ് സാനിയ മിര്‍സയും ആരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

Read More >>